തിരുവനന്തപുരം: സോളാര്‍, ദേശീയ ഗെയിം, ബാര്‍ കോഴ ഉള്‍പ്പടെയുള്ള വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, കോടതി പോലും പറഞ്ഞത് കത്ത് വ്യാജമാണെന്നാണ്. കത്ത് തയ്യാറാക്കിയയാള്‍ മാപ്പു സാക്ഷിയുമായി.

അതുപോലെ, ബാര്‍ കോഴ കേസില്‍ 309 പേരുടെ മൊഴികളാണ് വിജിലന്‍സ് എടുത്തത്. ഒരാള്‍ പോലും ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെ മൊഴി നല്‍കിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ ഗെയിം അഭിമാനാര്‍ഹമായ രീതിയില്‍ നടത്തിയപ്പോഴും പ്രതിപക്ഷം വിമര്‍ശിച്ചു. അഴിമതിയുണ്ടെന്ന് മുറവിളി കൂട്ടിയിട്ട് എന്താണ് സംഭവിച്ചത്. കേരളത്തെ നാണം കെടുത്തുന്ന തരത്തില്‍ കുപ്രചരണം നടത്തിയ സി പി എം ഇനിയെങ്കിലും ജനങ്ങളോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.













