മലയാളത്തിന്റെ ആദ്യനായികയെ കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുന്നത് കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ റോസിയെ അനശ്വരമാക്കിയ ചാന്ദിനിയെയാണ്. വിഗതകുമാരനില്‍ അഭിനയിച്ചതിന് നാട്ടുപ്രമാണിമാര്‍ വിരട്ടിയോടിച്ച്, ഇരുട്ടിലേക്ക് മാഞ്ഞ റോസിയെ പിന്നെ വെള്ളിത്തിരയിലെന്നല്ല ഭൂമുഖത്തുതന്നെ ആരും കണ്ടിരുന്നില്ല. റോസിയെ അനശ്വരമാക്കിയ ചാന്ദിനിയെയും പിന്നെയൊരു ചിത്രത്തില്‍ കാണാതായപ്പോള്‍ പ്രേക്ഷകരും ഒരു മാത്ര ചിന്തിച്ചു കാണും, റോസിയായ ചാന്ദ്‌നി എവിടെയെന്ന്.
ചാന്ദ്‌നി എങ്ങും പോയില്ല. ശക്തമായ മറ്റൊരു സ്ത്രീകഥാപാത്രവുമായി ചാന്ദിനി മടങ്ങിവരുന്നു. കരയിലേക്ക് ഒരു കടല്‍ദൂരം എന്ന ചിത്രം സംവിധാനം ചെയ്ത വിനോദ് മങ്കരെ ഒരുക്കുന്ന ‘ഒറ്റ മന്ദാരം’ എന്ന ചിത്രത്തിലൂടെയാണ് ചാന്ദ്‌നി വീണ്ടും എത്തുന്നത്. ഒരു യാഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ആര്‍ വിനയന്‍ എഴുതിയ കവര്‍ സ്‌റ്റോറിയാണ് സിനിമക്ക് പ്രചോദനം. സ്വന്തം ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കേണ്ടിവരുന്ന പെണ്‍കുട്ടിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. പതിനഞ്ചാം വയസ്സില്‍ അമ്മയും വിധവയുമായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഒറ്റ മന്ദാരത്തിലെ ചാന്ദ്‌നി.
പാപ്പിലോണിയ വിഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജിതാ മഠത്തിലും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അന്യ ദേശത്ത് നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയാണ് കെ ആര്‍ വിനയന്‍ മാതൃഭൂമിയില്‍ എഴുതിയത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ചില രംഗങ്ങള്‍ പാരീസില്‍ വച്ചും ചിത്രീകരിക്കുന്നുണ്ട്. കൂടാതെ മലപ്പുറം കന്യാകുമാരി, ആന്ധ്രയിലെ ഖമ്മം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.
ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്ക് രമേഷ് നാരായണനാണ് ഈണം പകരുന്നത്. ഉദയന്‍ അമ്പാടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.