സൈബര്‍ ഡിഫന്‍സിലെ ബിസ്‌നസ് സാധ്യതകള്‍; ടെക്‌നോപാര്‍ക്കില്‍ പ്രചാരണ പരിപാടിയുമായി ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ്

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് (ഐഡെക്‌സ്) സൈബര്‍ ഡിഫന്‍സിലെ ബിസ്‌നസ് സാധ്യതകളെപ്പറ്റി ടെക്‌നോപാര്‍ക്കില്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്റെ (ഡിസ്‌ക് 9) പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എം.എസ്.എം.ഇകള്‍ക്കും ഐ.ടി കമ്പനികള്‍ക്കും സംരംഭകര്‍ക്കും ദേശീയ പ്രതിരോധ സേനകള്‍ക്കാവശ്യമായ പ്രോട്ടോടൈപ്പുകള്‍ വികസിപ്പിക്കാനുള്ള സാധ്യതകളും വ്യവസായ സാധ്യതകളും ചര്‍ച്ച ചെയ്യാനായി പരിപാടി സംഘടിപ്പിച്ചത്. ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിലൂടെ (ഡിസ്‌ക് 9) സൈബര്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവയിലുള്ള വെല്ലുവിളികളെ നേരിടാനും ദേശീയ സുരക്ഷയ്ക്ക് സ്റ്റാര്‍ട്ടപ്പുകളെ ഭാഗമാക്കാനുമാണ് പ്രതിരോധ മന്ത്രാലയം ശ്രമിക്കുന്നത്.

ടെക്‌നോപാര്‍ക്ക് പാര്‍ക്ക്‌സെന്റര്‍ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ 91 ഇന്‍ഫെന്ററി ബ്രിഗേഡ് കമാന്‍ഡറും പാങ്ങോട് മിലിട്ടറി സ്‌റ്റേഷന്‍ കമാന്‍ഡറുമായ ബ്രിഗേഡിയര്‍ ലളിത് ശര്‍മ സി.എസ്, എസ്.എം മുഖ്യപ്രഭാഷണം നടത്തി. സായുധ സേനയുടെ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പുകളും വ്യവസായ മേഖലയും രാജ്യത്തിന്റെ പ്രതിരോധത്തിലും സുരക്ഷയിലും ഭാഗമാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിവരിച്ചു. ഒരു സമൂഹം എന്ന നിലയില്‍ ഒന്നിച്ച് നിന്നാണ് വെല്ലുവിളികളെ നേരിടേണ്ടത്. പാഷനെ മുറുകെപ്പിടിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യണമെന്നും രാജ്യപുരോഗതിക്കായി കഴിയുന്ന എല്ലാ രീതിയിലും അശ്രാന്തപരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ചടങ്ങിന് സ്വാഗതം പറയുകയും ഡിഫന്‍സ് ഇന്നവേഷന്‍ ഓര്‍ഗനൈസേഷന്‍ (ഡി.ഐ.ഒ), ഐഡെക്‌സ്, ഡിസ്‌ക് 9 തുടങ്ങിയവയെപ്പറ്റി വിഷയാവതരണം നടത്തുകയും ചെയ്തു. സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, പ്രൊഫേസ് കോഫൗണ്ടറും സി.ഒ.ഒയുമായ ലക്ഷ്മി ദാസ്, ഐഡെക്‌സ് ജേതാവും ഐ.ഐ.ടി ഡല്‍ഹി മൈക്രോസോഫ്റ്റ് ചെയര്‍ പ്രൊഫസറുമായ സൗരവ് ബന്‍സാല്‍, ഐഡെക്‌സ് ജേതാവും അസ്‌ട്രൊമെദ സി.ഇ.ഒയുമായ കെ. രാജഗുരു നാഥന്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം, സൈബര്‍ സെക്യൂരിറ്റി ഇന്‍ ഡിഫന്‍സ്, ഐഡെക്‌സിന്റെ വിവിധ ഘട്ടങ്ങള്‍ എന്നിവയെപ്പറ്റി സംസാരിച്ചു. കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *