സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി; അധിക സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമല്ലെന്ന് ചുണ്ടിക്കാട്ടി സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ നിരക്ക് വര്‍ധിപ്പിക്കാതെയുളള നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമകളുടെ നിലപാട്.യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കേണ്ടെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിന് പുറമേ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപംനല്‍കുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകള്‍ മുന്നോട്ടുവെച്ചിരുന്നു.

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓര്‍ഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയര്‍ത്താനാണ് തീരുമാനിച്ചത്. 12 സംഘടനകള്‍ക്കുകീഴിലെ 14,500-ഓളം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. അതേ സമയം സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെഎസ്അര്‍ടിസി അധിക സര്‍വ്വീസ് നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *