ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് വൈകിട്ട്

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ബസ് ചാര്‍ജ് കൂട്ടും എന്ന് തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം എന്ന കാര്യത്തിലും, കണ്‍സഷന്‍ നിരക്ക് കൂട്ടുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ച നടത്തുന്നത്. വൈകിട്ട് 4 മണിക്ക് സെക്രട്ടേറിയേറ്റ് അനക്‌സ് ലയം ഹാളിലാണ് ചര്‍ച്ച.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമൊണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ അഭിപ്രായം. കണ്‍സഷന്‍ ഇത്രയും കൂട്ടാന്‍ പറ്റില്ലെന്നും ഒന്നര രൂപയാക്കാം എന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ചതിനു ശേഷം മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണം എന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അധിക ഭാരം അടിച്ചേല്‍പിക്കാതെ ചാര്‍ജ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മിനിമം നിരക്ക് 8ല്‍ നിന്ന് 12 ആക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ അത് 10 രൂപ ആക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. അതോടൊപ്പം എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തണമെന്നും തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്‍സഷന്‍ ഉള്‍പ്പടെ ബസ് നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്് സമരം പിന്‍വലിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *