ബഫർ സോൺ വിഷയം :സർക്കാർ നിലപാടിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ


ബഫർ സോൺ വിഷയത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. സർക്കാർ നിലപാടിൽ കൺഫ്യൂഷൻ  വേണ്ടതില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണെന്നും മന്ത്രി ആവർത്തിച്ചു.ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ സർവ്വേ കോടതി ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ കഴിയില്ല എന്ന് നിലപാടെടുക്കാനാകില്ല. 


സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീൽഡ് സർവ്വേ ഏറ്റവും വേഗതയിൽ നടക്കും. സർവ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ്ങ് നൽകും. 26 മുതൽ സർവ്വേ തുടങ്ങും. ഭൂമി തരം മാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കും.ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുൾപ്പെടെ ബഫർ സോണിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സർക്കാർ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. 
ജനവാസമേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. സുപ്രീം കോടതി അതിന് വിരുദ്ധമായി നിലപാടെുത്താൽ ആ ഘട്ടത്തിൽ നിയമപരമായും രാഷ്ട്രീയപരമായും ഭരണപരമായും മുന്നോട്ട് പോകാനാണ് തീരുമാനം. കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടാൽ നൽകാതിരിക്കാനാകില്ല. ഇല്ലെങ്കിൽ അത് കോടതി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാകും. അത് കൊണ്ടാണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്. മണ്ണൂത്തി – വടക്കഞ്ചേരി ഹൈവേ അടക്കം ബഫർ സോണിൽ ഉൾപ്പെടും. അത്രമാത്രം ഗുരുതരമായ വിഷയമാണ്. വളരെ വേഗത്തിൽ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഫീൽഡ് സർവേയും വേഗത്തിലാക്കുമെന്നും മന്ത്രി വിശദീകരിച്ചു. 




Sharing is Caring