ചൈനയ്‌ക്കെതിരെ നീക്കങ്ങള്‍ കടുപ്പിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടന്‍ : പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ചൈനയ്‌ക്കെതിരെ നീക്കങ്ങള്‍ കടുപ്പിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.ബ്രിട്ടണും ചൈനയും തമ്മിലുള്ള സുവര്‍ണ്ണ കാലഘട്ടം അവസാനിപ്പിക്കാന്‍ സമയമായെന്ന് വിദേശ നയത്തെക്കുറിച്ചുള്ള തന്റെ ആദ്യത്തെ പ്രസംഗത്തില്‍ സുനക് പറഞ്ഞു.

ചൈനയുടെ സ്വേച്ഛാധിപത്യ ഭരണം കാരണം യുകെയുടെ മൂല്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും രാജ്യം വെല്ലുവിളിയാണെന്നും അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് ചൈനയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും സുനക് ചൂണ്ടിക്കാട്ടി. ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടന്ന പ്രസംഗത്തിലാണ് സുനക് ചൈനയ്‌ക്കെതിരെ തുറന്നടിച്ചത്.

ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും സുനക് വിമര്‍ശിച്ചു. ചൈനയുമായുള്ള വ്യാപാരം സാമൂഹികവും രാഷ്‌ട്രീയപരവുമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന ചിന്ത തന്നെ അവസാനിപ്പിക്കാം. ബ്രിട്ടന്റെ മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും ചൈന ഇന്ന് കടുത്ത വെല്ലുവിളിയാണ്.

ലോക്ഡൗണിനെതിരെ ചൈനയില്‍ നടക്കുന്ന പ്രതിഷേധങ്ങളിലും യുകെ പ്രധാനമന്ത്രി പ്രതികരിച്ചു. ജനങ്ങളുടെ ആശങ്കകള്‍ക്ക് ചെവികൊടുക്കാതെ, അവരെ കൂടുതല്‍ അടിച്ചമര്‍ത്തുകയാണ് ചൈനീസ് ഭരണകൂടം. ചൈനയിലെ ബിബിസി റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ച്‌ അറസ്റ്റ് ചെയ്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് ആളുകളാണ് ചൈനീസ് ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുന്നത്. പേപ്പറുകളും വെളുത്ത പൂക്കളും പിടിച്ചുകൊണ്ട് ഇവര്‍ വേറിട്ട പ്രതിഷേധം നടത്തിയിരുന്നു. സ്വാതന്ത്ര്യമാണ് തങ്ങള്‍ക്ക് വേണ്ടത് എന്നാണ് ജനങ്ങള്‍ പറയുന്നത്.

യുകെയില്‍ ചൈനയുടെ സ്വാധീനം തടയാന്‍ ദേശീയ സുരക്ഷാ, നിക്ഷേപ നിയമത്തിന് കീഴില്‍ പുതിയ അധികാരം എന്നതുള്‍പ്പെടെ യുകെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുമായി യുകെയ്‌ക്ക് നയതന്ത്ര ബന്ധമുണ്ടെന്നും വ്യാപാര രംഗത്ത് സജീവമായി ഏര്‍പ്പെടുന്നുണ്ടെന്നും സുനക് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *