മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിടച്ച ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

മാവോവാദി ബന്ധമാരോപിച്ച് ജയിലിടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബയ്ക്ക് പുറമേ മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് റായി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാല്‍മീകി എസ്എ മനേസെസ് എന്നിവരുടെ ബെഞ്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ഡൽഹി സർവകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ രാംലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. 2012ൽ മാവോവാദി അനുകൂല സംഘടനയുടെ കോൺഫറൻസിൽ പങ്കെടുത്തെന്നും മാവോവാദി അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു സായിബാബയ്ക്കെതിരായ കേസ്.അർബുദബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻപോലും സായിബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പോളിയോ ബാധിതനായി ഇരുകാലുകളും തളർന്ന സായിബാബയെ വിട്ടയയ്ക്കണമെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 90 ശതമാനവും തളർന്ന ശരീരവുമായി ജീവിക്കുന്ന സായിബാബ, ഓപ്പറേഷൻ ഗ്രീൻ ഹണ്ട് പോലുള്ള മാവോവാദി വിരുദ്ധ നടപടികളെ ശക്തമായി വിമർശിച്ചിരുന്നു.

കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഡൽഹി സർവകലാശാല ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.കേസിൽ സായിബാബയും മറ്റ് അഞ്ചുപേരും കുറ്റക്കാരാണെന്ന് 2017ല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഗഡ്ചിറോളിയിലെ പ്രത്യേക കോടതി 2017ൽ സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ സായിബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി. യുഎപിഎ നിയമ പ്രകാരം പ്രൊഫസര്‍ സായ്ബാബയെ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ മതിയായ അനുമതിനേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തെ വിട്ടയയച്ചത്.എന്നാല്‍ സുപ്രീംകോടതി വിധി റദ്ദാക്കുകയും വിഷയം പുതുതായി പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കണം കേസ് പരിഗണിക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *