വിദേശത്ത് കള്ളപ്പണം; മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്രം വെളിപ്പെടുത്തി

money (2)ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി.


മരുന്നു വ്യാപാരിയായ പ്രദീപ് ബര്‍മന്‍, ഖനന കമ്പനി ഉടമ രാധാ ടിംബ്ലോ, സ്വര്‍ണ്ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍ എന്നിവരുടെ പേരു വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയത്.


കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പേരുകള്‍ പുറത്തു വിട്ടിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇനിയും പേരുകള്‍ വെളിപ്പെടുത്തുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇനി പുറത്തു വരാനിരിക്കുന്ന കള്ളപ്പണക്കാരില്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന സൂചന പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയവരില്‍ ചിലര്‍ക്ക് മുന്‍ യു.പി.എ സര്‍ക്കാരിലുണ്ടായിരുന്ന പല ഉന്നതരുമായി ബന്ധമുള്ളതായും സൂചന വന്നിട്ടുണ്ട്.

നേരത്തേ വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ വെട്ടിലായിരുന്നു. പിന്നീട് ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ചിലരുടെ പേരുകള്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.


Sharing is Caring