ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വിസി നല്‍കിയ കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി

ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വിസി നല്‍കിയ കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി. കത്ത് നിലവാരമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ‘ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് എങ്ങനെ ധൈര്യമുണ്ടായി. കത്ത് ചുരുട്ടി മടക്കി പ്രതിപക്ഷ നേതാവിന്റെ മുഖത്തേക്ക് വലിച്ചെറിയണം. മുഖ്യമന്ത്രിക്കായി ബാറ്റ് ചെയ്യുന്നത് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം’, കെ സുരേന്ദ്രന്‍ പറഞ്ഞു.

‘തറനിലവാരത്തിലുള്ള ഈ കത്ത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടത്. കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവര്‍ണറെ ആക്ഷേപിക്കാന്‍ വന്ന സതീശനെയാണ് മുക്കാലിയില്‍ കെട്ടി അടിക്കേണ്ടത്’. എന്നും ബിജെപി അധ്യക്ഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെയെന്നത് തെളിയിക്കുന്ന കത്താണ് ഇന്ന് പുറത്തുവന്നത്. ഡിസംബര്‍ 7 നാണ് വൈസ് ചാന്‍സലര്‍, സര്‍വകലാശാലാ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ചാന്‍സലര്‍ ശുപാര്‍ശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്.

രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ നിര്‍ദേശം സിന്‍ഡിക്കറ്റ് പോലും ചേരാതെ കേരള സര്‍വകലാശാല തള്ളിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. ചാന്‍സലറുടെ ശുപാര്‍ശ സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ചുമതലയുണ്ടെന്നും ഇക്കാര്യത്തില്‍ വിസിക്കു വീഴ്ച സംഭവിച്ചെന്നുമായിരുന്നു ആക്ഷേപം.

വി.സിയെ വിളിച്ചുവരുത്തി ആര്‍ക്കെങ്കിലും ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പദവിയുടെ ദുരുപയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. രാഷ്ട്രപതിയെ സര്‍ക്കാര്‍ അപമാനിച്ചു എന്ന നിലപാടിലാണ് ബിജെപി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *