മുസാഫര്‍ നഗര്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ വിക്രം സെയ്‌നിക്ക് രണ്ടു വര്‍ഷം തടവ്

മുസാഫര്‍ നഗര്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ വിക്രം സെയ്‌നിക്കും മറ്റ് 11 പേര്‍ക്കും രണ്ട് വര്‍ഷം തടവ് ശിക്ഷ. പ്രതികള്‍ 10,000 രൂപ വീതം പിഴയുമടക്കണം. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

പ്രത്യേക കോടതി ജഡ്ജി ഗോപാല്‍ ഉപധ്യായയാണ് കേസില്‍ വിധി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഖതൗലിയില്‍ നിന്നുളള എംഎല്‍എയാണ് വിക്രം സെയ്‌നി. കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

വിക്രം സെയ്‌നിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. വിക്രം സെയ്‌നിയും മറ്റ് 26 പേരും ഉത്തര്‍പ്രദേശിലെ കവാല്‍ ഗ്രാമത്തില്‍ നടന്ന അക്രമണക്കേസിലും വിചാരണ നേരിടുകയാണ്. കവാല്‍ ഗ്രാമത്തില്‍ രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2013ലാണ് മുസാഫര്‍നഗറില്‍ കലാപമുണ്ടായത്. 2013 ആഗസ്റ്റില്‍ ഷാനവാസ് എന്ന യുവാവിനെ ആറുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്. പിന്നീട് ഗൗരവ്, സച്ചിന്‍ എന്നീ യുവാക്കളും കൊല്ലപ്പെട്ടതോടെ സംഘര്‍ഷം രൂക്ഷമായി. കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000 പേരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *