കൊയിലാണ്ടി: സെമി ഹൈസ്പീഡ് പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബി.ജെ.പി.
കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ (കെ. റെയിൽ)ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ കാസർഗോഡ് -തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽപ്രോജക്ട് (സിൽവർ ലൈൻ പ്രോജക്ട്) പ്രകാരം ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടെ റെയിൽ കടന്നു പോകുന്നത് പ്രദേശവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു.
530 കി.മീ. റെയിൽ പാത നിർമ്മിക്കുന്നതിന് 66000 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്. തെക്കൻ ജില്ലകളിൽ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി കടന്നു പോകുന്ന നിർദിഷ്ട പാത കോഴിക്കോട് ജില്ലയിലെ മൂടാടിയിൽ വെച്ച് നാലു കിലോമീറ്ററോളം കിഴക്കോട്ടു മാറിയാണ് സഞ്ചരിക്കുന്നത് നിലവിലുള്ള റെയിൽവേ-ലൈനിനോട് ചേർന്ന് റെയിൽവേയ്ക്ക് സ്ഥലം ഉണ്ടെന്നിരിക്കെ മൂടാടി മുതൽ മടപ്പള്ളിവരെയുള്ള ഭാഗത്തെ റെയിൽ പാത ജനസാന്ദ്രതയേറിയ ചിങ്ങപുരം, പുറക്കാട്, പള്ളിക്കര, കീഴൂർ, അയനിക്കാട്, പാലേരി ഭാഗത്തുകൂടി കടന്നു പോയി മടപ്പള്ളിയ്ക്ക പ്പുറം നിലവിലെ പാതയ്ക്ക് ഓരം ചേർന്ന് രീതിയിലാണ് ഇപ്പോളുള്ള അലൈൻമന്റ്. റെയിലിന് പടിഞ്ഞാറു ഭാഗം ചേർന്ന് പോകാൻ തയ്യാറാക്കിയ ആദ്യത്തെ പ്രോജക്ട് ആരുടെയൊക്കെയോ സ്വകാര്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് മാറ്റിയത് എന്ന് പൊതുവേ ചർച്ച ചെയ്യപ്പെടുന്നു.

കോവിഡ് 19 ന്റെ ഭീതിയിൽ ജനം കഴിയുമ്പോൾ 2019 എന്ന് എഴുതിയിട്ടുള്ള സർവ്വേ കല്ലുകൾ ഈ റൂട്ടിൽ സ്ഥാപിച്ചതും ജനങ്ങളിൽ സംശയം ബലപ്പെടുത്തുന്നു.ഈ പ്രോജക്ടിനു വേണ്ടിയാണെന്ന കാര്യം മറച്ചുവെച്ചു കൊണ്ട് സർവ്വേ മാർക്കറ്റിങ്ങുകളും, മണ്ണുപരിശോധനകളും നടത്തിയതും, ബന്ധപ്പെട്ട ജനപ്രതിനിധികൾ മൗനം പാലിച്ചതും ജനം സംശയ ദൃഷ്ട്യാ കാണുന്നു. 2025 ഓടെ പൂർത്തിയാവും എന്നുപറയുന്ന പദ്ധതി,പാവങ്ങളെ വഴി യാധാരമാക്കിക്കൊണ്ടാവരുത് എന്നവാദം ശക്തമാണ്. മൂടാടിയ്ക്കും ഇരിങ്ങലിനും ഇടയ്ക്കു തന്നെ ആയിരക്കണക്കിന് വീടുകൾ പൊളിച്ചു മാറ്റേണ്ടി വരും. വികസന പ്രവർത്തനങ്ങൾക്കു ആരും എതിരല്ല. എന്നാൽ ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ തന്നെ ഈ പദ്ധതി നടപ്പാക്കാമെന്നിരിക്കെ,മൂടാടി മുതൽ അലൈന്മെന്റിൽ മാറ്റം വരുത്തു കയും,ആദ്യം കീഴരിയൂർ മേപ്പയൂർ ഭാഗത്തുകൂടി കടന്നു പോകുന്നതരത്തിൽ നിർദ്ദേശിക്കുകയും, തദ്ദേശവാസികളുടെ എതിർപ്പിനെ തുടർന്ന് വീണ്ടും മാറ്റം വരുത്തി മൂടാടി നന്തി പുറക്കാട് അയനിക്കാട് വഴിയാക്കുകയും ചെയ്തത് ദുരുദ്ദേശപരമാണ്. ഒരു ബഹുജന പ്രക്ഷോഭത്തിന് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വം നല്കാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു .യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എസ് ആർ ജയ്‌ക്കിഷ് അധ്യക്ഷം വഹിച്ചു. വി കെ ജയൻ, അഡ്വ വി സത്യൻ, ടി കെ പദ്മനാഭൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ വി സുരേഷ്, വിശ്വനാഥൻ തിക്കോടി എന്നിവർ സംസാരിച്ചു













