
കോഴിക്കോട്: ബി.ജെ.പി അനുകൂല സുനാമി സംഭവിച്ച 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വഴങ്ങാത്ത കേരളം പിടിയിലൊതുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വവും ആര്‍.എസ്.എസും തന്ത്രം ആവിഷ്‌കരിച്ചു. കേന്ദ്രഭരണത്തില്‍ പങ്കാളിത്തമില്ലാത്ത കേരളത്തിന് കയ്യയച്ചു നല്‍കിക്കൊണ്ടായിരിക്കും ജനമനസ്സ് കയ്യിലൊതുക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചല്ലാതെ തന്നെ കേരളത്തിനാവശ്യമായ പദ്ധതികള്‍ക്കു സഹായവും പിന്തുണയും നല്‍കാനാണ് തീരുമാനം. ഇതിനായി സംസ്ഥാന ബി.ജെ.പി നേതൃത്വം ജനപങ്കാളിത്തത്തോടെ വികസന പദ്ധതികളുടെ പട്ടിക തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു സമര്‍പ്പിക്കും. കേരളത്തിലെത്തി ജനകീയ നിവേദനം സ്വീകരിക്കുന്ന മോഡി അവയുടെയെല്ലാം നടത്തിപ്പിന് പച്ചക്കൊടി വീശുമെന്നാണ് അറിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ വെറും നോക്കുകുത്തിയാണെന്നു വരുത്തി തീര്‍ക്കുന്ന വിധമായിരിക്കും കേന്ദ്രത്തിന്റെ സഹായം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ലക്ഷ്യം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ബി.ജെ.പിയെ പിന്തുണച്ചില്ലെങ്കിലും തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തോടെ ഇവിടെയും മോഡി തരംഗം ഉണ്ടായതായാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തിലെ ഭരണം ജനകീയമാണെന്നു വരികയും ഒരു എം.പിയെ പോലും ബി.ജെ.പിക്കു നല്‍കാത്ത കേരളത്തിനും മാന്യമായ പരിഗണന ലഭിക്കുന്നവെന്നും വരുമ്പോള്‍ ജനം മാറി ചിന്തിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ നിന്ന് രണ്ടു നിയമസഭാ സീറ്റെങ്കിലും നേടിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.
ജയസാധ്യതയുള്ള സീറ്റില്‍ മത്സരിക്കാന്‍ യോഗ്യരായ നേതാക്കളെ അവിടങ്ങളിലെ മുഴുവന്‍ സമയപ്രവര്‍ത്തനത്തിന് നിയോഗിക്കും.
