ഇല്ലാത്ത അപകടത്തിന്റെ പേരില്‍ ബിജെപി നേതാക്കളുടെ പണംതട്ടല്‍ ശ്രമം; മര്‍ദ്ദിച്ച് മുദ്രപത്രത്തില്‍ ഒപ്പുവെയ്പിച്ചു; നാല് നേതാക്കള്‍ അറസ്റ്റില്‍


കോഴിക്കോട്: ഇല്ലാത്ത അപകടത്തിന്റെ പേരില്‍ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ഷംസീറിന്റെ പരാതിയിലാണ് അറസ്റ്റ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും ബലം പ്രയോഗിച്ച് മുദ്രപേപ്പറില്‍ ഒപ്പിടുവിച്ചെന്നും ഷംസീര്‍ പറഞ്ഞു.


ഷംസീര്‍ സഞ്ചരിച്ചിച്ച കാര്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറി ശ്യാമിന്റെ ഓട്ടോയില്‍ ഇടിച്ചെന്ന് ആരോപണത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നെന്ന് ആരോപിച്ച് ബിജെപി നേതാവ് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇല്ലാത്ത അപകടത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തകയാണെന്ന് ഷംസീര്‍ ബിജെപി പ്രാദേശിക നേതാക്കളോട് പരാതിപ്പെട്ടു. പേരാമ്പ്ര ഗസ്റ്റ് ഹൗസിലെത്താന്‍ നിര്‍ദ്ദേശവും ലഭിച്ചു.


നേതാക്കള്‍ പറഞ്ഞ പ്രകാരം സ്ഥലത്തെത്തിയ ഷംസീറിനോട് പരാതി പിന്‍വലിക്കാന്‍ 70,000 രൂപ നല്‍കുന്നെ് രേഖപ്പെടുത്തിയ മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒപ്പിടാന്‍ സമ്മതിക്കാത്തതിനേത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ മര്‍ദ്ദനമാരംഭിച്ചു. ബലം പ്രയോഗിച്ച് മുദ്രപത്രത്തില്‍ ഒപ്പിടുവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഷംസീര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ബിജെപി നേതാക്കള്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നാല് ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തതിന് ശേഷം കാര്യങ്ങള്‍ വഷളായെന്നും ഭീഷണി മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഷംസീര്‍ പറഞ്ഞു.