രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് മലപ്പുറത്തെത്തുന്നത്.ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് ദിവസമാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുക . രാഹുല്‍ ഗാന്ധിയുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും .

തുടര്‍ന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടില്‍ പ്രവേശിക്കും. ഇന്ന് രാവിലെ പുലാമന്തോളില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 15 കിലോമീറ്റര്‍ പിന്നിട്ട് ഉച്ചയോടെ പെരിന്തല്‍മണ്ണ പൂപ്പലത്ത് ആദ്യ ഘട്ടം പൂര്‍ത്തിയാക്കും. ശേഷം വൈകീട്ട് നാലിന് പുനഃരാരംഭിച്ച്‌ 10 കിലോമീറ്റര്‍ കൂടി പിന്നിട്ട് വൈകീട്ട് 7 മണിയോടെ പാണ്ടിക്കാട് സമാപിക്കും . ഇതോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂര്‍ത്തിയാക്കും. നാളെ പാണ്ടിക്കാട് നിന്ന് ആരംഭിച്ച്‌ വൈകീട്ട് നിലമ്ബൂര്‍ ചന്തക്കുന്നില്‍ സമാപിക്കും.ജില്ലയിലെ മൂന്നാം ദിന പര്യടനം ചുങ്കത്തറ മുട്ടിക്കടവില്‍ നിന്ന് ആരംഭിച്ച്‌ ഉച്ചയോടെ വഴിക്കടവ് മണിമൂളിയില്‍ സമാപിക്കും.

അതിനിടെ കേന്ദ്ര സര്‍ക്കാരിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

സര്‍വമേഖലകളെയും സര്‍ക്കാര്‍ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ, തൊഴില്‍ അവസരമോ, ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു കിട്ടുന്നില്ല. കോടിക്കണക്കിനു ചെറുപ്പക്കാര്‍ തൊഴിലിനു വേണ്ടി അലയുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *