സ്ത്രീ വിദ്യാഭ്യാസ നിരോധനം:അഫ്‌ഗാന്‍ നിലപാട് തിരുത്തണമെന്ന് സൗദി അറേബ്യ


സ്ത്രീ വിദ്യാഭ്യാസ വിഷയത്തില്‍ നിലപാട് തിരുത്തണമെന്നും ഇസ്ലാം മത അധ്യാപനങ്ങള്‍ നടപ്പിലാക്കണമെന്നും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനോട് സൗദി ഉന്നത പണ്ഡിത സഭ ആവശ്യപ്പെട്ടു.അഫ്ഗാന്‍ വനിതകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള അവകാശം നല്‍കണമെന്നും, ഇസ്ലാമിക നിയമത്തില്‍ സ്ത്രീകളെ പഠിക്കുന്നതില്‍ നിന്ന് തടയുന്നത് അനുവദനീയമല്ലെന്നും ചൂണ്ടിക്കാട്ടി അവരുടെ തീരുമാനം മാറ്റണമെന്നും അഫ്ഗാന്‍ കെയര്‍ടേക്കര്‍ ഗവണ്‍മെന്റിനോട് കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്കോളേഴ്സിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.


ഇസ്ലാമിന്റെ യുക്തിഭദ്രമായ നിയമങ്ങളും, സമ്ബൂര്‍ണ്ണമായ അതിന്റെ ഭരണഘടനയും, സ്ത്രീ പുരുഷന്മാരില്‍പ്പെട്ട ഓരോരുത്തര്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരുടെ കടമകള്‍ വ്യക്തമാക്കുകയും ചെതിട്ടുണ്ട്. ഇസ്ലാം അതിന്റെ വിധികളും നിയമനിര്‍മ്മാണങ്ങളും കൊണ്ട് സ്ത്രീകളുടെ മതപരമായ അവകാശങ്ങള്‍ ഒട്ടും കുറയാതെത്തന്നെ പൂര്‍ണ്ണമായും സംരക്ഷിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. പഠിക്കാന്‍ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ മതത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ബാധകമാണെന്നും പണ്ഡിത സഭ വ്യക്തമാക്കി.


പെണ്‍കുട്ടികളെ കലാലയങ്ങളില്‍ നിന്നും വിലക്കിയ അഫ്ഗാന്‍ സര്‍ക്കാര്‍ നടപടിയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് സൗദി ഉന്നത പണ്ഡിത സഭയുടെ ഈ വിഷയത്തിലുള്ള പ്രതികരണം. ഒരു ഇസ്ലാമിക രാജ്യത്തും ഇല്ലാത്ത നിയമമാണ് അഫ്ഗാന്‍ സര്‍ക്കാര്‍ കൊക്കൊണ്ടിട്ടുള്ളത്. ഇത്തരം നിലപാടുകള്‍ ഇസ്ലാമിന്റേതല്ലെന്നും അതില്‍ തിരുത്തല്‍ വേണമെന്നുമാണ് സൗദി ഉന്നത പണ്ഡിത സഭ അഫ്ഗാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.



Sharing is Caring