രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ. 11.30 മുതല്‍ ചടങ്ങുകള്‍ തുടങ്ങും. 121 ആചാര്യന്മാര്‍ ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തുന്നത്. 12.20നാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്. പത്ത് മണി മുതല്‍ മംഗളധ്വനി, രണ്ട് മണിക്കൂര്‍ നീളുന്ന വാദ്യഘോഷത്തോടെയുള്ള സംഗീതാര്‍ച്ചന എന്നിവ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ അയോധ്യയിലെത്തും.
കാശിയിലെ പുരോഹിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ നടന്ന അനുഷ്ഠാനച്ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായി. വിവിധ പുണ്യതീര്‍ഥങ്ങളില്‍ നിന്നുള്ള 114 കലശങ്ങളിലെ ജലമുപയോഗിച്ച് അഭിഷേകം നടന്നു. ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം പുലര്‍ച്ചെ ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങ് ‘അഭിജിത്ത്’ മുഹൂര്‍ത്തത്തിലാവും നടക്കുക. ചടങ്ങുകള്‍ക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും.
2.10ന് പ്രധാനമന്ത്രി കുബേര്‍തില സന്ദര്‍ശിക്കും. അമിത് ഷാ ബിര്‍ളാ മന്ദിര്‍ സന്ദര്‍ശിക്കും.അഞ്ച് വയസുള്ള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണശിലയില്‍ തീര്‍ത്തതാണ് രാംലല്ല. വിഗ്രഹത്തെ ഉണര്‍ത്താന്‍ ജാഗരണ അധിവാസം നടത്തും. ചടങ്ങിലേക്ക് എണ്ണായിരം പേര്‍ക്കാണ് ക്ഷണമുള്ളത്. രജനികാന്ത്, ധനുഷ്, ചിരഞ്ജീവി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തും. ബോളിവുഡ് താരങ്ങളും കായിക താരങ്ങളും പങ്കെടുക്കും. ചടങ്ങിന് 50 രാജ്യങ്ങളിലെ പ്രതിനിധികളെത്തും.