പ്രതിമ നിര്‍മിച്ച്‌ വില്‍ക്കുന്ന നാടോടി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍


കണ്ണൂർ: പ്രതിമ നിര്‍മിച്ച്‌ വില്‍ക്കുന്ന സംഘത്തിലെ നാടോടിയുവതിയെ റോഡരികിലെ കൂരയില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍.


താഴെചൊവ്വയില്‍ പ്രതിമകള്‍ നിര്‍മിച്ച്‌ വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഇരുപത്തഞ്ചുകാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.സംഭവത്തില്‍ ചെറുപുഴ ഈസ്റ്റ് അയ്യന്നൂര്‍ പൊന്മലക്കുന്നില്‍ ഹൗസില്‍ ഷൈജു ജോസഫിനെ (30) കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. രാത്രി റോഡരികിലെ ടെന്റില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കാലില്‍ കയറി പിടിക്കുകയായിരുന്നു പ്രതി. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന ഭര്‍ത്താവും മക്കളും ഉണര്‍ന്നു.ഇതോടെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.യുവതിയുടെ ഭര്‍ത്താവ് പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല.


തുടര്‍ന്ന് കുടുംബം സിറ്റി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഐ.പി.സി. 354, 451 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കണ്ണൂര്‍ സിറ്റി ഇന്‍സ്‌പെക്ടര്‍ കെ.രാജീവ്കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.ധന്യ കൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു, രൂപേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.



Sharing is Caring