കുട്ടനാട് സിപിഎമ്മിലെ പ്രതിസന്ധിക്ക് താല്ക്കാലിക പരിഹാരം


കുട്ടനാട് സിപിഎമ്മിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കം ഒത്തുതീര്‍ന്നു.സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും നേതൃത്വം ഇടപെട്ടു.


കുട്ടനാട് ഏരിയ നേതൃത്വവുമായുള്ള ഭിന്നത മൂലം മുന്നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ കത്ത് നല്‍കിയിരുന്നു. ഔദ്യോഗിക വിഭാഗം എതിര്‍ ചേരിയിലെ നേതാക്കളെ ഒഴിവാക്കുന്നു എന്നായിരുന്നു പരാതി. പിന്നാലെ പ്രശ്‌നപരിഹാരത്തിന് നേതൃത്വം ഇടപെട്ട്, ചര്‍ച്ചകള്‍ തുടരുന്നതിനിടെ രാമങ്കരിയില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു.


വിഭാഗീയത രൂക്ഷമായതോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണന്‍ പങ്കെടുത്ത് ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നു. മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തിനെത്തി. പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന സംസ്ഥാന നേത്യത്വത്തിന്റെ ഉറപ്പോടെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായിട്ടുണ്ട്.

പാര്‍ട്ടിയും, ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് പറഞ്ഞവരെ ചേര്‍ത്ത് നിര്‍ത്താനാണ് നിര്‍ദേശം. രാമങ്കരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാക്കളെ താക്കീത് ചെയ്തു. ആവര്‍ത്തിക്കരുതെന്നാണ് മുന്നറിയിപ്പ്.



Sharing is Caring