ആതിരപ്പിള്ളി വനമേഖലയിൽ ഒരു ആനയെക്കൂടി അവശ നിലയിൽ കണ്ടെത്തി.

ആതിരപ്പിള്ളി വനമേഖലയിൽ ഒരു ആനയെക്കൂടി അവശ നിലയിൽ കണ്ടെത്തി. വനം മന്ത്രിയുടെ നിർദേശപ്രകാരം വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. ചികിത്സ നൽകാൻ രണ്ടു വിദഗ്ദ ഡോക്ടർമാർ ആതിരപ്പിള്ളിയിലേക്ക് പോയിട്ടുണ്ട്. കാലവർഷക്കെടുതിയിൽ പെടുന്ന ആനകളെ സംരക്ഷിക്കുമെന്നും ആവശ്യമായ ചികിത്സ നൽകുമെന്നും വനം മന്ത്രി 24 നോട്‌ പറഞ്ഞു.

അതിരപ്പിള്ളിയില്‍ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് കാട്ടിലേക്ക് കയറിയ ആനയെ നേരത്തേ കണ്ടെത്തിയിരുന്നു. ശക്തമായ ഒഴുക്കിൽപെട്ട ആനയ്ക്ക് നിരവധി പരിക്കുകൾ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനത്തിൽ കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. അതിരപ്പിള്ളി വനമേഖലയിൽ കൂടുതൽ ആനകൾ അവശനിലയിൽ കഴിയുന്നുണ്ടോയെന്ന് കണ്ടെത്താൻ വനംമന്ത്രി ചീഫ് വൈ‍ൽഡ് ലൈഫ് വാർഡൻ ​ഗം​ഗാസിം​ഗിന് നിർദേശം നൽകിയിരുന്നു.

ഇപ്പോൾ കണ്ടെത്തിയ ആന കൂടുതൽ അവശ നിലയിലാണെന്നാണ് വിവരം. ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് കാട്ടിലേക്ക് കയറിയ ആന സുഖം പ്രാപിച്ചിരുന്നു. ആദിവാസി മേഖലയോട് ചേർന്നുള്ള പ്രാന്റേഷൻ മേഖലയിൽ വെച്ചാണ് ആനകൾക്ക് ചികിത്സ നൽകുന്നത്. അല്പ സമയത്തിനകം പരിക്കേറ്റ ആനയെ ചികിത്സയ്ക്ക് വിധേയമാക്കും.
ആനയുടെ അവസ്ഥയെ കുറിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട്‌ റിപ്പോർട്ട്‌ തേടി. ആനയുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *