രണ്ട് മാസംകൊണ്ട് 182 കിലോയിൽ നിന്ന് കുറഞ്ഞത് 57 കിലോ ശരീര ഭാരം; 38കാരനിൽ ബറിയാട്രിക് ശസ്ത്രക്രിയ വിജയകരം

കൊച്ചി: അമിത ശരീരഭാരത്താൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന 38കാരനിൽ ബറിയാട്രിക് ശസ്ത്രക്രിയ വിജയകരം. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ 175 കിലോഗ്രാം ഉണ്ടായിരുന്ന ശരീര ഭാരം രണ്ട് മാസംകൊണ്ട് 57 കിലോ കുറയ്ക്കാൻ വൈപ്പിൻ സ്വദേശിയായ ജോസ്മോന് സാധിച്ചു. സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. മനോജ് അയ്യപ്പത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രണ്ട് മണിക്കൂർ നീണ്ടുനിന്ന ലാപ്രോസ്കോപിക് സ്ലീവ് ഗ്യാസ്ട്രെക്ടമി എന്നറിയപ്പെടുന്ന പ്രൊസീജിയർ വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ സാധാരണവും ആരോഗ്യകരവുമായ ജീവിതത്തിലേക്ക് മടങ്ങാൻ രോഗിക്ക് സാധിച്ചു.

നടക്കാനുള്ള ബുദ്ധിമുട്ട്, കൂർക്കംവലി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശസ്ത്രക്രിയയിലൂടെ സാധിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ 35 മുതൽ 40 കിലോ ഭാരംകൂടി അധികമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ, അനസ്തേഷ്യ നൽകുന്നതിനുമുമ്പ് രോഗിയുടെ ശ്വാസോച്ഛാസം നിലച്ചത് വെല്ലുവിളിയായെങ്കിലും മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ രോഗിയെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുകയായിരുന്നു.

ലാപ്രോസ്കോപ്പിക് സ്ലീവ് ഗ്യാസ്ട്രെക്ടമി പ്രൊസീജിയറിലൂടെ ആമാശയത്തിന്റെ ഒരു പ്രധാന ഭാഗം നീക്കം ചെയ്ത് അതിന്റെ ശേഷി 100 മില്ലി ആയി കുറയ്ക്കുകയായിരുന്നു. ഇത് വിശപ്പ് നിയന്ത്രിച്ച് ബോഡി മാസ് ഇൻഡക്സ് കുറയ്ക്കുന്നു. കൂടാതെ, ശസ്ത്രക്രിയയുടെ ഫലമായുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാനും സഹായിക്കുന്നു. തൽഫലമായി, രോഗിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും. സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി സീനിയർ രജിസ്ട്രാർ ഡോ.ഷിയോൺ, സീനിയർ കൺസൾട്ടന്റും അനസ്‌തേഷ്യ വിഭാഗം മേധാവിയുമായ ഡോ.ഡിനിറ്റ് ജോയ് എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.

ബോഡി മാസ് ഇൻഡക്സ് 66 ഉള്ള ഒരാൾക്ക് 38-ാം വയസിൽ ബറിയാട്രിക് ശസ്ത്രക്രിയ അപൂർവമാണെന്ന് ഡോ. മനോജ് അയ്യപ്പത്ത് പറഞ്ഞു. “ജോസ്മോനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആഗ്രഹമാണ് ശസ്ത്രക്രിയ എന്ന തീരുമാനത്തിലെത്തിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന ഘട്ടത്തിലായിരുന്നു ഇത്. അമിതവണ്ണം മൂലമുണ്ടാകുന്ന പ്രമേഹം, രക്തസമ്മർദ്ദം, അല്ലെങ്കിൽ അകാല മരണം തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ ബറിയാട്രിക് ശസ്ത്രക്രിയയുടെ അപകടസാധ്യത വളരെ കുറവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ഈ യാത്ര ശ്രദ്ധേയമാണെന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ബി സുദർശൻ അഭിപ്രായപ്പെട്ടു. “അമിത വണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കുള്ള പരിഹാരമായി ബറിയാട്രിക് സർജറിയെക്കുറിച്ച് അവബോധം വളർത്തുന്നതിന്റെ പ്രാധാന്യം ഇത് അടയാളപ്പെടുത്തുന്നു. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി റോബോട്ടിക് ബറിയാട്രിക് സർജറികളും ആരംഭിച്ചിട്ടുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *