നിലമ്പൂര്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഷൗക്കത്തിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കയാണ്. ഇതേ നിലപാട് തന്നെയാണോ ഷൗക്കത്തിന് ഇപ്പോഴും എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.
എം റിജു

ഒരു മുന്നണിയില്‍ സഹകരിച്ച് കഴിയുമ്പോഴും, മുസ്‌ലീം ലീഗിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ ഒരിക്കലും അംഗീകരിക്കാത്ത നേതാവായിരുന്നു, നിലമ്പൂരില്‍ കാല്‍ നുറ്റാണ്ടുകാലം തുടര്‍ച്ചയായ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. നിലമ്പുര്‍ തേക്കിന്റെ കാതല്‍പോലെ കരുത്തുറ്റതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നായിരുന്നു, ആര്യാടന്‍ മരിച്ചപ്പോള്‍ ഇന്ത്യന്‍ എക്പ്രസ് എഴുതിയത്.
ലീഗിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മലപ്പുറം മനസ് തിരിച്ചറിഞ്ഞ് അതിന്റെ നേര്‍ എതിര്‍ ദിശയിലായിരുന്നു തുടക്കംതൊട്ടേ ആര്യാടന്റെ രാഷ്ട്രീയ ജീവിതം.
മുസ്ലീം ലീഗിന് മാത്രമല്ല എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതമൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിക്കെതിരെ അതി ശക്തമായ കാമ്പയിന്‍ ആണ് ആര്യാടന്‍ നടത്തിയത്. ജമാഅത്ത് ആകട്ടെ വോട്ട് എല്‍ഡിഎഫിന് മറിച്ചുകൊടുത്തുപോലും ആര്യാടനെ മലര്‍ത്തിയടിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. ശരീയത്ത് വിവാദത്തിലും ഷാബാനുകേസിലും എല്ലാം അദ്ദേഹം പുരോഗമന പക്ഷത്തിന് ഒപ്പമായിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടനകള്‍ ആവശ്യമില്ല എന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിന്റെ അഭിമുഖത്തിനിടെ പറഞ്ഞതും വലിയ വിവാദമായി.

പാണക്കാട് തങ്ങളേയും ആര്യാടന്‍ വിമര്‍ശിച്ചു. പാണക്കാട് ആത്മീയ നേതാവല്ലെന്നും ലീഗിന്റെ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രാഷ്ട്രീയ നേതാവാണെന്നും വിശദീകരിച്ചു. അതും വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ലീഗിനകത്തുനിന്നും സമുദായത്തിനകത്തുനിന്നും വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടും ആര്യാടന്‍ കുലുങ്ങിയില്ല. തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മകന്‍ ആര്യാടന്‍ ഷൗക്കത്തും ആദ്യകാലത്ത് പിതാവിന്റെ പാതയില്‍ തന്നെയായിരന്നു. ഇപ്പോള്‍ നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു പഴയ പ്രസംഗമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് പാരയായിരിക്കുന്നത്.
പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്
പിതാവ് ആര്യാടന്‍ വെട്ടിത്തുറന്ന പാതിയിലുടെയായിരുന്നു മകന്‍ ഷൗക്കത്തിന്റെയും സഞ്ചാരം. കഥകളിലുടെയും സിനിമയിലുടെയും അദ്ദേഹം മത മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പൗരോഹിത്യവുമൊക്കെ എങ്ങനെ സ്ത്രീകളുടെ ജീവിതം ദുരിതമയമാക്കുന്ന എന്ന് കാണിച്ച, ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ടി വി ചന്ദ്രന്‍ സിനിമയുടെ കഥാകൃത്തും നിര്‍മ്മാതാവും ഷൗക്കത്താണ്. അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ഈ ചിത്രത്തിനുശേഷം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങളും അദ്ദേഹം കഥയെഴുതി നിര്‍മ്മിച്ചു.

നേരത്തെ സന്തോഷ് മാധവന്‍ അറസ്റ്റിലായ സമയത്ത് കേരളത്തില്‍ വ്യാജ സിദ്ധന്‍മ്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ഒരു വലിയ ക്യാമ്പയില്‍ നടന്നിരുന്നു. ആ സമയത്ത്, ‘ശിഹാബ് തങ്ങള്‍ പാണക്കാട്ട് നടത്തുന്നത് ആത്മീയവാണിഭമാണോ’ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ഷൗക്കത്തിന്റെ മറുപടി. ചെറിയ സിദ്ധന്‍മ്മാരെയും തങ്ങള്‍മാരെയും പിടിക്കുന്നതിന് പകരം വലിയ തോതില്‍ ആത്മീയ വാണിഭം നടത്തുന്ന പാണക്കാട് റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ എന്നാണ് ഷൗക്കത്ത് ചോദിച്ചത്.

ഫോട്ടെ: കടപ്പാട് .മാതൃഭൂമി
വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയ്ക്ക് ആര്യാടന്റെ പിന്തുണയുമുണ്ടായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെ തറവാട്ടില്‍ നേരിട്ടെത്തിയാണ് പ്രശ്നങ്ങള്‍ ഒരുവിധം പറഞ്ഞവസാനിപ്പിച്ചത്. പക്ഷേ അവസാനകാലത്ത് ആര്യാടന്‍ ഹജ്ജ് ചെയ്ത് വിശ്വാസിയായി. ദൃഢ പ്രതിജ്ഞ ഒഴിവാക്കി, ദൈവനാമത്തിലാണ് 2011-ല്‍ ആര്യാടന്‍ സത്യപ്രതിഞ്ജ ചെയ്തത്. പഴയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലീഗിനും ആര്യാടന്‍ കുടുംബത്തിനും തമ്മിലില്ല. ഇപ്പോള്‍ പി വി അന്‍വിന്റെ രാജിയെ തുടര്‍ന്ന് നിലമ്പൂര്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ആ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിരിക്കയാണ് ചിലര്‍. ഇതേ നിലപാട് തന്നെയാണോ ഷൗക്കത്തിന് ഇപ്പോഴും എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. ഇതോടെ കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയായിരിക്കയാണ് കോണ്‍ഗ്രസ് തേതൃത്വം.
വിട്ടുനിന്ന് പാണക്കാട് കുടുംബം
ഇപ്പോള്‍, യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നതും വിവാദമാവുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തെങ്കിലും, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാടസാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തില്ല. തങ്ങള്‍ ഹജ്ജിന് പോയതിനാലാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്.എന്നാല്‍, പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് ഇടയാക്കി. കൂടാതെ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല. വിഡി സതീശനും കെസി വേണുഗോപാലുമായുള്ള ഭിന്നതയാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/share/v/1AoBqX6JvQ/
ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. ജില്ലിയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ചയുണ്ടായതാണ് വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതെന്നുമാണ് സൂചന. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. അബ്ബാസ് അലി തങ്ങള്‍ തൃശൂരിലാണെന്നുമാണ് വിശദീകരണം നിലമ്പൂരില്‍ പിവി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ മുസ്ലിം ലീഗ് ഇടപെട്ടിട്ടും നടക്കാതെ പോയതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടായെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ വന്നു. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നും പിവി അന്‍വര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.













