ആര്യാടന് കഥയെഴുതാന്‍ പോകാം, സ്വരാജ് പാര്‍ട്ടി സെക്രട്ടറിയറ്റിലേക്കും താന്‍ നിയമസഭയിലേക്കും പോകുമെന്നും പി വി അന്‍വര്‍


വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന്‍ ഷൗക്കത്തിന് കഥ എഴുതാന്‍ പോകാമെന്ന് പി വി അന്‍വര്‍. സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് പോകാമെന്നും താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പറഞ്ഞു. വോട്ടുചെയ്യാനെത്തിയ അന്‍വര്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.


യു ഡി എഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫില്‍ നിന്ന് 25 ശതമാനം വോട്ടും യു ഡി എഫില്‍ നിന്ന് 35 ശതമാനം വോട്ടും തനിക്കു ലഭിക്കും. 75,000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നത് ആത്മ വിശ്വാസമല്ല, യാഥാര്‍ത്ഥ്യമാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.


ജനങ്ങളുടെ വിഷയങ്ങള്‍ രണ്ട് മുന്നണികളും അവഗണിച്ചു. 2016ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താന്‍ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തില്‍ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സി പി എം പ്രാദേശിക നേതാക്കള്‍ക്ക് ബന്ധപ്പെടാന്‍ മൂന്നു മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. അവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരില്‍ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അന്‍വര്‍ പറഞ്ഞു.



Sharing is Caring