വർക്കലയിൽ പതിനേഴുകാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോപുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്.
കൊലപാതകം നടത്താനായി ഗോപു സംഗീതയുടെ വീട്ടിലെത്തിയത് അഖിലെന്ന പേരിലാണ്. അഖിലാണെന്ന് പറഞ്ഞ് സംഗീതയുടെ ഫോണില്‍ വിളിക്കുകയും പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അഖിലാണെന്ന് കരുതി വീടിന് പുറത്തെത്തിയ സംഗീത കണ്ടത് ഗോപുവിനെയാണ്. സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്.

മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.












