യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് എണ്ണ വിതരണം നിര്‍ത്തി റഷ്യ


യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് റഷ്യ എണ്ണ വിതരണം നിര്‍ത്തി വയ്ക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഒപ്പുവച്ചു.റഷ്യന്‍ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യന്‍ യൂണിയനുള്ള മറുപടിയായിട്ടാണ് റഷ്യയുടെ പുതിയ നീക്കം. 2023 ഫെബ്രുവരി ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ജൂലായ് ഒന്നുവരെയാണ് ഇത് ബാധകമാവുക. അതേസമയം പ്രത്യേക സാഹചര്യങ്ങളില്‍ നിരോധനത്തില്‍ ഇളവ് നല്‍കുന്നതിനും പുട്ടിന് അധികാരമുണ്ട്.


തങ്ങളുടെ എണ്ണയ്ക്ക് വില പരിധി ഏര്‍പ്പെടുത്തുന്ന ഒരു രാജ്യത്തിനും എണ്ണ വില്‍ക്കില്ലെന്ന് അടുത്തിടെ പുട്ടിന്‍ സൂചിപ്പിച്ചിരുന്നു. യുക്രെയിന് മേല്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിനെ തുടര്‍ന്നാണ് ജി7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഓസ്‌ട്രേലിയയും റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളര്‍ വില നിശ്ചയിച്ചത്. എന്നാല്‍ ഇത് തങ്ങളുടെ പരമാധികാരത്തിന് മുകളിലുള്ള കൈ കടത്തലായിട്ടാണ് റഷ്യ കണ്ടത്.


യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ വിതരണം നിര്‍ത്തുമെന്ന പുട്ടിന്റെ തീരുമാനം അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും വിലക്കയറ്റത്തിന് കാരണമായേക്കും. എന്നാല്‍ ഇന്ത്യ, ചൈന തുടങ്ങിയ വമ്ബന്‍ എണ്ണ ഉപഭോഗ രാജ്യങ്ങളില്‍ നിര്‍ബാധം എണ്ണ വിതരണം ചെയ്യുന്നതിനാല്‍ റഷ്യയ്ക്ക് ഉത്പാദനത്തില്‍ ഇടിവ് ഉണ്ടായേക്കില്ല. അതേസമയം ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിലക്കുറവില്‍ റഷ്യന്‍ എണ്ണ ലഭിക്കുകയും ചെയ്യും. ഇന്ത്യയ്ക്ക് ഈ ഇടപാടുകളിലൂടെ വലിയ നേട്ടമാണ് കൈവരുന്നത്. വിലകുറച്ച്‌ ലഭിക്കുന്ന റഷ്യന്‍ ക്രൂഡ് ശുദ്ധീകരിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങളിലേക്കടക്കം ഇന്ത്യ കയറ്റി അയക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നുമാണ്.



Sharing is Caring