ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ എയര്‍ഹോസ്റ്റസും യാത്രക്കാരനും തമ്മില്‍ വാക്കേറ്റം. എയര്‍ലൈനിന്റെ ഇസ്താംബുള്‍ ഡല്‍ഹി വിമാനത്തിലാണ് ഭക്ഷണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ഉപഭോക്താവിന്റെ സൗകര്യങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്ന് പറഞ്ഞുകൊണ്ട് എയര്‍ ഹോസ്റ്റസ് യാത്രക്കാരനുമായി തര്‍ക്കിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. നിങ്ങള്‍ ഒച്ചയെടുത്തതിനാല്‍ ഞങ്ങളുടെ ക്രൂ മെമ്പര്‍ കരയുകയാണെന്ന് എയര്‍ ഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നതായി വീഡിയോയുടെ തുടക്കത്തില്‍ കേള്‍ക്കാം. അവരെ പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നീ എന്തിനാണ് അലറുന്നതെന്ന് ചോദിച്ച് യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനോട് തട്ടിക്കയറുന്നു. ഇതിന് മറുപടിയായി ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്നും ഇന്‍ഡിഗോ കമ്പനിയുടെ ജീവനക്കാരിയാണെന്നും എയര്‍ ഹോസ്റ്റസ് പറയുന്നതായി വിഡിയോയിലുണ്ട്.

‘2022 ഡിസംബര്‍ 16 ന് ഇസ്താംബൂളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 6E 12 വിമാനത്തില്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞു.കോഡ്‌ഷെയര്‍ കണക്ഷന്‍ വഴി യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍ തെരഞ്ഞെടുത്ത ഭക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. ഇന്‍ഡിഗോ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നു, ഉപഭോക്താക്കള്‍ക്ക് മര്യാദയുള്ളതും തടസ്സരഹിതവുമായ സേവനങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ നിരന്തരമായി പരിശ്രമിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്, ഉപഭോക്താവിന്റെ സൗകര്യങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്ട്,’ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.












