ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിജയനീലിമ.പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപകുതിയില്‍ അര്‍ജന്‍റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയന്‍ ആല്‍വാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്. സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്‍റ് നിലയില്‍ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി.
സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാല് മാറ്റങ്ങളുമായാണ് അര്‍ജന്‍റീന കളത്തിറങ്ങിയത്. 4-3-3-ശൈലിയില്‍ അര്‍ജന്‍റീന മൈതാനത്തുവന്നു. മെക്‌സിക്കോയ്‌ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗറ്റാരോ മാര്‍ട്ടിനെസിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രിസ്റ്റ്യന്‍ റൊമേറോ സെന്‍റര്‍ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡിയും ടീമില്‍ ഇടം നേടി. ലെഫ്റ്റ് ബാക്കായി മാര്‍ക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവല്‍ മൊളീനയുമെത്തി.

പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന 4-4-1-1 ശൈലിയിലായിരുന്നു പോളണ്ട് ടീം. പ്രതിരോധ കരുത്ത് തന്നെയായിരുന്നു മത്സരത്തിന്‍റെ ആദ്യപകുതിയിലും കണ്ടത്.













