ടെസ്ലയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഒരു വനിത കൂടി

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന കമ്പനിയായ ടെസ്ലയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഒരു വനിത കൂടി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ തൊഴില്‍ അന്തരീക്ഷമാണ് ടെസ്‌ലയിലേത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ കേസാണിത്.

ടെസ്ല അസംബ്ലി ലൈന്‍ വര്‍ക്കറായ എറിക്ക ക്ലൗഡാണ് പരാതി നല്‍കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ മാനേജര്‍ അടക്കമുള്ളവര്‍ക്കെതിരെ തുടര്‍ച്ചയായ ലൈംഗിക പീഡനം ആരോപിച്ച് കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടി സുപ്പീരിയര്‍ കോടതിയിലാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ജോലിക്കിടയില്‍ മാനേജര്‍ അസഭ്യ പരാമര്‍ശങ്ങള്‍ നടത്തുകയും തന്നെ കെട്ടിപ്പിടിച്ചതായും പരാതിയില്‍ പറയുന്നു. ഇയാളുടെ മോശം പെരുമാറ്റത്തെ കുറിച്ച് കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് ടീമിനോട് പരാതിപ്പെട്ടതിന്റെ പേരില്‍ മറ്റു മാനേജര്‍മാരില്‍ നിന്നും തനിക്ക് പ്രതികാര നടപടികള്‍ നേരിടേണ്ടതായി വരുന്നതായും ക്ലൗഡ് ആരോപിച്ചു.

സ്ത്രീകള്‍ക്കെതിരായ തൊഴില്‍ അന്തരീക്ഷമാണ് ടെസ്‌ലയില്‍ നിലനില്‍ക്കുന്നതെന്നും വ്യാപകമായ രീതിയില്‍ ലൈംഗിക പീഡനങ്ങള്‍ ഇവിടെ നടക്കുന്നുവെന്നും ആരോപിച്ച് ഈ കമ്പനിയ്‌ക്കെതിരെ മറ്റൊരു വനിത കേസ് നല്‍കി ആഴ്ചകള്‍ പിന്നിടുന്നതിനുള്ളിലാണ് എറിക്ക ക്ലൗഡിന്റെ പരാതി. ടെസ്‌ലയും മറ്റ് പ്രതികളും ചേര്‍ന്ന് ലിംഗവിവേചനത്തില്‍ നിന്ന് ഉടലെടുത്ത വിദ്വേഷത്തിന്റെ പുറത്ത് സ്ത്രീകള്‍കളെ ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷത്തിന് വിധേയരാക്കി എന്ന് പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമങ്ങളും പ്രതികാര നടപടികളും തടയുന്നതില്‍ ടെസ്‌ല പരാജയപ്പെട്ടെന്നും കേസില്‍ ആരോപിച്ചിട്ടുണ്ട്.

നവംബര്‍ 18 ന്, ടെസ്ലയുടെ കാലിഫോര്‍ണിയയിലെ ഫ്രെമോണ്ടിലുള്ള പ്രധാന ഫാക്ടറിയില്‍ ലൈംഗിക പീഡനം ആരോപിച്ച് ജെസിക്ക ബരാസ എന്ന വനിതാ തൊഴിലാളി രംഗത്തെത്തിയിരുന്നു. ഫാക്ടറിയില്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുവെന്നും മോശമായ ഭാഷയും മറ്റും ഉപയോഗിച്ച് പതിവായി ശല്യപ്പെടുത്തുന്നുണ്ട് എന്നും ജെസീക്കയുടെ പരാതിയില്‍ പറയുന്നു. കമ്പനിയിലെ പ്രൊഡക്ഷന്‍ അസോസിയേറ്റ് ആണ് ജെസിക്ക ബരാസ.

ഒരു സഹപ്രവര്‍ത്തകന്‍ ജോലിക്കിടെ അരക്കെട്ടിലൂടെ പൊക്കിയെടുക്കുകയും,ശരീര ഭാഗങ്ങളില്‍ അമര്‍ത്തുകയും,അരികില്‍ കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതും അടക്കം നിരവധി പീഡന സംഭവങ്ങള്‍ നേരിട്ടുവെന്ന് ബരാസ പറഞ്ഞതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.പുരുഷ സഹ പ്രവര്‍ത്തകരില്‍ പലരും തന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. കമ്പനിയുടെ സൂപ്പര്‍വൈസര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും ഇക്കാര്യം അറിയാമെന്നും അവരും പലപ്പോഴും ഇതേ പോലെ പെരുമാറാറുണ്ടെന്നും ജെസിക്ക ആരോപിച്ചിരുന്നു.

ഒക്ടോബര്‍ മാസത്തില്‍ ജോലി സ്ഥലത്ത് വംശീയ വിവേചനം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് കറുത്തവര്‍ഗക്കാരനായ ഒരു കരാര്‍ തൊഴിലാളി ടെസ്‌ലയില്‍ നിന്നും 137 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നേടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *