ലോക്സഭാംഗത്വം റദാക്കിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്. ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചത്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന് മറുപടി നൽകാനാണ് നിർദ്ദേശം. രണ്ടാം തവണയാണ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് അയക്കുന്നത്. ആദ്യ നോട്ടീസിനെതിരായ മഹുവയുടെ ഹർജി ഡൽഹി കോടതി തള്ളിയിരുന്നു.
ലോക്സഭാംഗത്വം റദ്ദായി ഒരു മാസം കഴിഞ്ഞിട്ടും മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ഡിസംബർ എട്ടിന് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്.മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പങ്കെടുത്തില്ല. മഹുവയ്‌ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയിൽനിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം.തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്‌സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുന്നില്‍ നിന്നുള്ള നാടകീയമായ ഇറങ്ങിപ്പോകലിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താന്‍ നേരിട്ട കാര്യങ്ങള്‍ മഹുവ വിശദീകരിച്ചത്.













