ഗണപതിവട്ട’ വിവാദത്തിൽ കെ സുരേന്ദ്രനെതിരെ ആനി രാജ

ഗണപതിവട്ട’ വിവാദത്തിൽ കെ സുരേന്ദ്രനെതിരെ ആനി രാജ. വെറുപ്പിന്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുക എന്നതാണ് ലക്ഷ്യം എന്ന് ആനി രാജ പറഞ്ഞു. അവസാന ശ്രമം നിലയിലാണ് വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നും ആനി രാജ പ്രതികരിച്ചു. ജനകീയ വിഷയങ്ങളിൽ ഒന്നും തന്നെ സുരേന്ദ്രന് പ്രതികരണമില്ല. പ്രസ്താവനയുടെ ലക്ഷ്യം ജനശ്രദ്ധ നേടുക എന്നതാണ്.

ജനങ്ങളെ വിഭജിച്ച് വോട്ട് നേടാനാണ് ശ്രമം. കേരളത്തിൽ കെ സുരേന്ദ്രന്റെ വിത്ത് മുളക്കില്ല. എല്ലാ വിഭാഗവും ഇടകലർന്ന് ജീവിക്കുന്ന മണ്ണ് ആണിത്. സാഹോദര്യം നിലനിൽക്കുന്ന മണ്ഡലമാണിത്. അവിടേക്കാണ് വിഷം കലർത്താൻ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങൾ അത് അനുവദിക്കില്ല. ജനങ്ങളുടെ മുന്നിൽ പ്രചരണം നടത്താൻ ബിജെപിക്ക് വിഷയങ്ങളില്ല. അതിനാലാണ് ഇത്തരം പ്രയോഗങ്ങളുമായി വരുന്നതെന്നും ആനി രാജ പറഞ്ഞു.

അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നായിരുന്നു കെ സുരേന്ദ്രൻ്റെ ചോദ്യം. ടിപ്പുസുൽത്താൻ കൊള്ളക്കാരൻ, ക്ഷേത്രങ്ങൾ അക്രമിച്ച ആൾ, ഹിന്ദുക്കളെ മതം മാറ്റിയ ആൾ. വയനാട്ടുകാർക്കും, കേരളിയർക്കും ടിപ്പു സുൽത്താനുമായി യാതൊരു ബന്ധവും ഇല്ല. എന്തിനാണ് യുഡിഎഫും എൽഡിഎഫും ടിപ്പുവിൻ്റെ പുറകെ പോകുന്നത്? രാഹുൽ ഗാന്ധി യാതൊരു വികസനവും വയനാട്ടിൽ കൊണ്ടുവന്നിട്ടില്ല. എന്നും സുരേന്ദ്രൻ പറഞ്ഞു.

താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരി ​ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്ലബിക് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരമാർശം. ബ്രിട്ടീഷുകാരാണ് ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുൽത്താൻ ബത്തേരി ആക്കി മാറ്റിയത്. സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്.

താൻ എംപിയായാൽ ആ​ദ്യ പരി​ഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ​ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ൽ പ്രമോദ് മഹാജൻ വയനാട് സന്ദർശിച്ച സമയത്ത് ഇക്കാര്യം താൻ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *