സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളുമായി ആമസോണ്‍ ഇന്ത്യയില്‍ ഗ്ലോബല്‍ ലാസ്റ്റ് മൈല്‍ ഫ്ളീറ്റ് പദ്ധതി അവതരിപ്പിച്ചു

കൊച്ചി: സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളുമായി ആമസോണ്‍ ഇന്ത്യയില്‍ ഗ്ലോബല്‍ ലാസ്റ്റ്മൈല്‍ ഫ്ളീറ്റ് പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഇത്തരത്തിലുള്ള ആഗോളതലത്തിലെ ആദ്യ തുടക്കമാണ് ഇന്ത്യയില്‍ നടന്നത്. 300ലധികം ഡെലിവറി സേവന പങ്കാളികളെ (ഡിഎസ്പി) പൂര്‍ണമായും മലിനീകരണ രഹിതമായി ഉപഭോക്തൃ ഡെലിവറികള്‍ നടത്താന്‍ ഈ പദ്ധതി സഹായിക്കും.

ഒരു ഫ്ളീറ്റ് മാനേജ്മെന്‍റ് കമ്പനി വഴി ഡെലിവറി പങ്കാളികള്‍ക്ക് അനുയോജ്യമായ വാഹനനിര ലഭ്യമാക്കുന്നതാണ് ആമസോണിന്‍റെ ഗ്ലോബല്‍ ലാസ്റ്റ് മൈല്‍ ഫ്ളീറ്റ് പദ്ധതി. വടക്കേ അമേരിക്കയിലും യൂറോപ്പിലും ഇതിനകം തന്നെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ആമസോണിന്‍റെ ഫ്ളീറ്റ് പദ്ധതി ഇന്ത്യയില്‍ പൂര്‍ണമായും ഇഷ്ടാനുസൃതമായി രൂപകല്‍പന ചെയ്ത ഇവികളുമായി ആദ്യമായി നടപ്പാക്കുന്നത്. സമ്പൂര്‍ണ ഇവികളുമായി ഇന്ത്യയില്‍ ആരംഭിക്കുന്ന ലാസ്റ്റ് മൈല്‍ ഫ്ളീറ്റ് പദ്ധതി 2040ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ പൂജ്യത്തിലെത്തുകയെന്ന ആഗോള ലക്ഷ്യം കൈവരിക്കാനും ആമസോണിനെ സഹായിക്കും.

ഇഷ്ടാനുസൃതമാക്കിയ ഇവികള്‍ക്കൊപ്പം അറ്റകുറ്റപ്പണികള്‍, ചാര്‍ജിങ്, പാര്‍ക്കിങ് എന്നിവയും ഫ്ളീറ്റ് പദ്ധതിയിലൂടെ ഡെലിവറി സേവന പങ്കാളികള്‍ക്ക് ലഭിക്കും. ആമസോണിന്‍റെ ഡെലിവറി പങ്കാളികളുടെയും അവര്‍ സേവനം ചെയ്യുന്ന സമൂഹത്തിന്‍റെയും ക്ഷേമത്തിനായി വിപുലമായ സുരക്ഷാ ഫീച്ചറുകളും വാഹനങ്ങളില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. തുടക്കത്തില്‍ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ത്രീവീലര്‍ ഇവികളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരക്കേറിയ ദീപാവലി സീസണിന് മുന്നോടിയായി ആരംഭിക്കുന്ന പദ്ധതിയിലേക്ക് വൈകാതെ കൂടുതല്‍ ഇലക്ട്രിക് ത്രീ-ഫോര്‍ വീലറുകള്‍ കൂട്ടിച്ചേര്‍ക്കും.

നഗരങ്ങളിലെ ഡെലിവറികള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നീതി ആയോഗിന്‍റെ ശൂന്യ എന്ന പേരിലുള്ള സീറോ പൊല്യൂഷന്‍ മൊബിലിറ്റി കാമ്പയിനെയും ഈ പദ്ധതിയിലൂടെ ആമസോണ്‍ പിന്തുണക്കുന്നുണ്ട്. മഹീന്ദ്ര ഇലക്ട്രിക്കിന്‍റെയും മറ്റു വാഹന നിര്‍മാതാക്കളുടെയും പിന്തുണയോടെ നിലവില്‍ ഇന്ത്യയിലെ 400ലധികം നഗരങ്ങളില്‍ പാക്കേജുകള്‍ വിതരണം ചെയ്യുന്നതിനായി 6,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ ആമസോണ്‍ വിന്യസിച്ചിട്ടുണ്ട്. 2025ഓടെ ഇന്ത്യയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനി.

2040ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ പൂജ്യത്തിലെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും 100 ശതമാനം വൈദ്യുത വാഹനങ്ങളുമായി ഇന്ത്യയില്‍ ലാസ്റ്റ് ഫ്ളീറ്റ് മൈല്‍ പദ്ധതി അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഡെലിവറി സേവന പങ്കാളികളെ കൂടി തങ്ങളോടൊപ്പം കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയാണ്. ഇത് ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ആമസോണ്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് അഭിനവ് സിങ് പറഞ്ഞു.

ആഗോളതലത്തില്‍ ആദ്യമായി 100 ശതമാനം ഇലക്ട്രിക് ഫ്ളീറ്റ് ഉപയോഗിച്ച് തങ്ങളുടെ അവസാന മൈല്‍ ഫ്ളീറ്റ് പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ് ആമസോണ്‍ ഗ്ലോബല്‍ ഫ്ളീറ്റ് ആന്‍ഡ് പ്രൊഡക്ട്സ് ഡയറക്ടര്‍ ടോം ചെമ്പനാനിക്കല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *