അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് അഭ്യൂഹം

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് അഭ്യൂഹം. ഇന്ന് വൈകുന്നേരം ഡൽഹിയിലെത്തുന്ന അമരീന്ദർ ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദയെയും സന്ദർശിക്കും. സന്ദർശനത്തിനു ശേഷം അമരീന്ദർ സിംഗിൻ്റെ ബിജെപി പ്രവേശനത്തിൽ വ്യക്തതയുണ്ടാവുമെന്നാണ് സൂചന.

അമരീന്ദർ എന്ത് ആവശ്യം മുന്നോട്ടുവച്ചാലും അതിന് ബിജെപി തയ്യാറയേക്കും. അദ്ദേഹത്തെ കേന്ദ്ര കൃഷി മന്ത്രി ആക്കാനും ബിജെപി തയ്യാറാണെന്നാണ് സൂചന.

നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്ദർ സിംഗ് രൺധാവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു. ചരണ്‍ജിത് സിംഗിന് ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു . 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ സര്‍ക്കാരിന്റെ കാലാവധി.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ച് അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുത്തില്ല. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിംഗ് ചന്നിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പുതിയ മുഖ്യമന്ത്രിക്ക് എല്ലാ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ സിംഗ് രാജിവെക്കുന്നത്. അമരീന്ദറും സിദ്ദുവും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. അമരീന്ദറിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷനാക്കിയത്.

നവ്‌ജോത് സിംഗ് സിദ്ദുവിനെതിരെ ആഞ്ഞടിച്ച് അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. നവ്‌ജോത് സിംഗ് അപകടകാരിയാണെന്ന് അമരീന്ദർ സിംഗ് ആരോപിച്ചു. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കാൻ തയാറാണെന്നും സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

സിദ്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ പഞ്ചാബിൽ കോൺഗ്രസ് രണ്ടക്കം കാണില്ലെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു. വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ അമരീന്ദർ സിംഗ് രാഹുൽ ​ഗാന്ധിക്കും പ്രിയങ്കാ ​ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *