കഠിനാധ്വാനങ്ങളും നഷ്ടസ്വപ്നങ്ങളും ഇഴപിരിഞ്ഞവസാനിക്കുന്ന ചില നാൽക്കവലകളിൽ നിന്ന് സൂക്ഷമതയോടെ നോക്കിയാൽ ചിലർക്ക് തിരിച്ചറിവിൻറെ വഴി കണ്ടെത്താനാകും. ജീവിതം മാറി മാറിയുന്നത് ഈ വഴിയിലൂടെയുള്ള യാത്രകളിലാണ്. വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ നാദിർഷയെന്ന കലാകാരൻ, സുഹൃത്ത് സഞ്ചരിച്ച വിജയ വഴിയിൽ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. അമറിൻറെയും അക്ബറിൻറെയും അന്തോണിയുടെയും നാമത്തിൽ നാദിർഷയ്ക്ക് അഭിമാനിക്കാം. കന്നി സരംഭത്തിലെ രസികൻ സിനിമയുടെ പേരിൽ. ചിരിപ്പിച്ച് മണ്ണ് കപ്പിക്കാമെന്ന വ്യാജ ഓഫറുകളുമായി എത്തുന്ന സിനിമകൾ അറിഞ്ഞ് മടുത്ത ആസ്വാദകരുടെ കണ്ണുകളിലേക്ക് അമർ അക്ബർ അന്തോണി ചിരിയുടെ രസചരടുപൊട്ടാതെ പകർന്നാടുകയാണ്. പ്രിഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും മത്സരിച്ചുള്ള വേഷപകർച്ചയിൽ ഒരുപോലെ വിജയിച്ചു. ചിരിയുടെ ട്രാക്ക് തെറ്റാതെ തന്നെ വലിയൊരു സന്ദേശം ചർച്ചചെയ്യപ്പെടേണ്ടതിനെക്കുറിച്ചും സിനിമ പറയുന്നുണ്ട്. കൊച്ചുകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളുമെല്ലാം കേവലമൊരു പത്രവാർത്തകളിൽ മാത്രമുള്ളതായി വായിച്ചുതള്ളുന്നവരിലേക്ക് സിനിമ ഒരു ചോദ്യമായി മാറുന്നുണ്ട്. ജീവിതം ആഘോഷമാക്കുന്നിനൊപ്പം പ്രതികരണശേഷി കൈവിടരുതെന്ന് നാദിർഷയും തിരക്കഥാകൃത്തുക്കളും ആവർത്തിക്കുന്നു. സിനിമയിൽ അമറിൻറെയും അക്ബറിൻറെയും അന്തോണിയുടെയും ജീവിതം മാറിമാറിയുന്നതും ആഘോഷങ്ങളും സന്തോഷങ്ങളും ഒരുമിക്കുന്നയിടത്തല്ല, ഒരു ദുരന്തം വന്നുചേർന്ന കവലയിൽ നിന്നാണ് അവർ തിരിച്ചറിവിൻറെ ഒരു വഴി തിരഞ്ഞെടുത്തത്. ആ വഴിയിൽ അവരോടൊപ്പം സിനിമയും പ്രിയമുള്ളതായിമാറുന്നു. അതുകൊണ്ട് കണ്ടിരിക്കാം മടുപ്പിക്കാതെ ഈ മൂവർസംഘത്തെ……..യു.ഹരീഷ്












