അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു.

അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51)(shireen abu akleh) യാണ് കൊല്ലപ്പെട്ടത്. ജെനിൻ നഗരത്തിലെ ഇസ്രായേൽ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു.
അൽ ജസീറയുടെ മറ്റൊരു മാധ്യമപ്രവർത്തകനായ അലി സമൗദിക്കും വെടിയേറ്റെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൗദിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

യുദ്ധമേഖലയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ജേർണലിസ്റ്റുകൾ ധരിക്കുന്ന പ്രസ് വെസ്റ്റ് ഷിറിൻ അബൂ ധരിച്ചിരുന്നെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. വെടിയേറ്റ ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അബു ആഖിലയുടെ തലക്കാണ് വെടിയേറ്റതെന്ന് അൽജസീറയുടെ നിദ ഇബ്രാഹിം പറഞ്ഞു.
അൽ ജസീറയുടെ ആദ്യ ഫീൽഡ് ലേഖകരിൽ ഒരാളായിരുന്നു അബൂ ആഖില, 1997 ലാണ് അവർ ജോലിയിൽ പ്രവേശിച്ചത്. ഇസ്രായേൽ സുരക്ഷാ സേന ബോധപൂർവം അബൂ ആഖിലയെ ലക്ഷ്യമാക്കി കൊലപ്പെടുത്തുകയാണെന്ന് അൽ ജസീറ അധികൃതര്‍ ആരോപിച്ചു. ഇസ്രായേലിനെ അപലപിക്കാനും ഉത്തരവാദികളാക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.അതേ സമയം സംഭവത്തിൽ ഇസ്രായേലി-പലസ്തീൻ സംയുക്ത അന്വേഷണ നടത്തുമെന്ന് ഇസ്രായേലി വിദേശകാര്യ മന്ത്രി യെയർ ലാപിഡ് ട്വിറ്ററിൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *