കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായ പ്രതി രക്ഷപ്പെട്ടു


ബീച്ച് ആശുപത്രിയിലെ ബാത്ത് റൂമിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നത് മുഖദാർ സ്വദേശി അജ്മൽ ബിലാൽ


കോഴിക്കോട്: കാപ്പ് നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് മുഖദാർ സ്വദേശി അറക്കൽതൊടുക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ബാത്ത് റൂമിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കോടതിയിൽ ഹാജരാക്കുന്നതിന്റെ മുന്നോടിയായി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം.


കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെ തുടർന്നാണ് ചെമ്മങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ അജ്മൽ ബിലാലിന് കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗൺ, മെഡിക്കൽ കോളജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണകേസുകളുണ്ട്. വീട്ടിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം കാണിച്ചതിനും പൊതു സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിനും മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും അപഹരിച്ചതിനും മറ്റുമായും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതേ തുടർന്ന് ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുവാനോ മറ്റ് കേസുകളിൽ ഉൾപ്പെടുവാനോ പാടില്ലെന്ന നിബന്ധനയോടെ കാപ്പ നിയമ പ്രകാരം ഇയാളെ നേരത്തെ നാടുകടത്തിയിരുന്നു. എന്നാൽ നിയമം ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ചെമ്മങ്ങാട് ഇൻസ്പെക്ടർ മുഹമ്മദ് റിജാസ്, എസ് ഐ ബാബു, എസ് സി പി ഒ വിപിൻ ദാസ്, സി പി ഒമാരായ മനു, രഞ്ജിത്ത്, ഷൈജു എന്നിവർ ചേർന്ന് ചക്കുംകടവിലുള്ള വീട്ടിൽനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.



Sharing is Caring