ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ

ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ടിനു പാപ്പച്ചൻ ചിത്രം’അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. തിയെറ്റർ തുറന്നാൽ ആദ്യചിത്രമായി, മുന്നൂറോളം തീയേറ്ററുകളിൽ അജഗജാന്തരം പ്രദർശനത്തിനെത്തും. ഉത്സവപ്പറമ്പിൽ ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ്‌ ഈ ടിനു പാപ്പച്ചൻ ചിത്രം. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് സെൻസർ ബോർഡ്‌ U/A സർട്ടിഫിക്കറ്റാണ്‌ നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തിയേറ്ററുകൾ തുറക്കുമ്പോൾ തന്നെ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന ടിനു പാപ്പച്ചൻ – ആന്റണി വർഗീസ് പെപ്പെ കൂട്ടുകെട്ടിൽ എത്തുന്ന ‘അജഗജാന്തരം’ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്ത വന്നതിനു ശേഷം മലയാള സിനിമ പ്രേമികൾ ഒന്നടങ്കം ആവേശത്തിലാണ്.

കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതോടെ തീയേറ്ററുകൾ തുറന്നേക്കുമെന്ന സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ തുടർന്ന്, നടൻ ആന്റണി വർഗീസും തൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ചിത്രം ഉടൻ തന്നെ മുന്നൂറിൽ പരം തീയേറ്ററുകളിൽ എത്തുമെന്ന വാർത്ത പങ്കുവെച്ചിരുന്നു. തന്റെ ആദ്യ ചിത്രമായ ‘അങ്കമാലി ഡയറീസി’ ലൂടെ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി മലയാള മനസ്സുകളിൽ ഇടം നേടാൻ സാധിച്ച നടനാണ് ആന്റണി വർഗീസ്. അത് കൊണ്ട് തന്നെ ‘അജഗജാന്തര’ വും വേറിട്ടൊരു അനുഭവം പ്രേക്ഷകർക്ക് നൽകുമെന്നതിൽ സംശയം വേണ്ട.

ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ലൈൻ പ്രൊഡ്യൂസർ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ഫോൾക് സോങ് സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ & രതീഷ് മൈക്കിൾ, വിഎഫ്എക്‌സ് ആക്‌സെൽ മീഡിയ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മനമ്പൂർ, ഓപ്പണിങ് ടൈറ്റിൽസ് ശരത് വിനു, ഡിസൈൻസ് അമൽ ജോസ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *