വാരണാസി ഐഐടിയിൽ വിദ്യാര്‍ഥിനിക്ക് നേരേ ഉണ്ടായ ലൈംഗികാതിക്രമത്തെ തുടർന്ന് ക്യാമ്പസിൽ പ്രതിഷേധം കനക്കുന്നു


വാരണാസി ഐഐടിയിൽ വിദ്യാര്‍ഥിനിക്ക് നേരേ ഉണ്ടായ ലൈംഗികാതിക്രമത്തെ തുടർന്ന് ക്യാമ്പസിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു. പുറത്തു നിന്നുള്ളവരെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്നാണ് വിദ്യർത്ഥികളുടെ ആവശ്യം. ബുധനാഴ്ചയാണ്
ബൈക്കിലെത്തിയ മൂന്നംഗസംഘം ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാര്‍ഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തത്.വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിലുള്ള ഐഐടിയിലാണ് സംഭവം.


വിദ്യാർത്ഥിനിയുടെ ഹോസ്റ്റലിന് സമീപമാണ് സംഭവം നടന്നത്. ബുധനാഴ്ച അർധരാത്രി 1.30ഓടെ ഹോസ്റ്റലില്‍ നിന്ന് നടക്കാനിറങ്ങിയ പെണ്‍കുട്ടിക്കൊപ്പം സുഹൃത്തായ വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. ഇരുവരും ക്യാമ്പസിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തിയത്.തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വായ പൊത്തിപ്പിടിച്ച് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ബലമായി ചുംബിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ ഫോണില്‍ പകര്‍ത്തി.


അതിക്രമത്തിനിടെ വിദ്യാര്‍ഥിനി നിലവിളിച്ചപ്പോള്‍ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. 15 മിനിറ്റോളം നീണ്ട അതിക്രമത്തിന് ശേഷം പെൺകുട്ടിയുടെ ഫോൺ നമ്പറും കൈക്കലാക്കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.സംഭവത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഐഐടി ക്യാമ്പസില്‍ നൂറുകണക്കിന് വിദ്യാര്‍ഥികൾ പങ്കെടുത്ത വന്‍പ്രതിഷേധം അരങ്ങേറി.

വിദ്യാര്‍ഥിനിയെ ആക്രമിച്ചവരെ പിടികൂടണമെന്നും പുറത്തുനിന്നുള്ളവരെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന്
വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ (ഐഐടി) ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബിഎച്ച്‌യു) ക്യാമ്പസിൽ നിന്ന് വേർപെടുത്താനും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.



Sharing is Caring