AFC ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ടിൽ തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും

AFC ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ടിൽ തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും.രാത്രി 8:30ന് സാൾട്ട് ലേക്കിൽ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് എതിരാളി. ഡി ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
ആരാധകപ്പടയെ ആഹ്ലാദ ലഹരിയിലാക്കുന്ന പ്രകടനമാണ് കമ്പോഡിയക്കെതിരെ നീലക്കടുവകൾ പുറത്തെടുത്തത്. നായകൻ സുനിൽ ഛേത്രി ഇരട്ട ഗോൾ നേടിയ മത്സരത്തിൽ സാൾട്ട് ലേക്കിൽ ഇന്ത്യ വിജയിച്ചു കയറിയത് രണ്ടു ഗോൾ മാർജിനാണ്.

ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് 2023 ലെഎഎഫ് സി ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. ഇതിന് പുറമെ ആറ് ഗ്രൂപ്പിലെ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും യോഗ്യത നേടും. അതിന് തുടർ ജയം അനിവാര്യമെന്നതിനാൽ കടുത്ത പരിശീലനത്തിലാണ് ഛേത്രിയും സംഘവും .റാങ്കിംഗിൽ 106 ആം സ്ഥാനത്തുള്ള ഇഗോർ സ്റ്റിമാക്ക് പരിശീലകനായ ഇന്ത്യക്ക് എതിരാളി 150 ആം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനാണ്.
ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനോട് 2 -1 ന് തോറ്റ അഫ്ഗാന് ഇന്ന് വിജയം കൂടിയേ തീരു. ഫർഷാദ് നൂർ ആണ് ടീമിലെ പ്ലേമേക്കർ . അനൌഷ് ദസ്തഗിർ പരിശീലകനായ ടീമിൽ പ്രതിഭാധനരായ താരങ്ങൾ കുറവല്ല. അതേസമയം കണ്ണൂരുകാരൻ സഹൽ അബ്ദുൾ സമദും മലപ്പുറത്തുകാരൻ ആഷിഖ് കുരുണിയനുമാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം. കമ്പോഡിയക്കെതിരെ രണ്ടാം പകുതിയിലാണ് മലയാളി താരങ്ങൾ കളത്തിലിറങ്ങിയത്.

സാൾട്ട് ലേക്കിലെ ആർത്തിരമ്പുന്ന ആരാധകപ്പടക്ക് മുന്നിൽ അഫ്ഗാനിസ്ഥാനെ നേരിടുമ്പോൾ വിജയം മാത്രമാണ് നീലക്കടുവകളുടെ ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *