ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി


ഒഡിഷയിലെ ബാലേസോര്‍ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ഗൗതം അദാനി. ട്രെയിന്‍ അപകടം ഞങ്ങളില്‍ അഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തില്‍ രക്ഷിതാക്കള്‍ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ അദാനി ഗ്രൂപ് തീരുമാനിച്ചു.


ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു. ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും മാനസികവും ഭൗതികവുമായി വീണ്ടെടുക്കുന്ന ദൗത്യത്തില്‍ ഞങ്ങളും പങ്കുചേരുകയാണെന്നും അദാനി ഗ്രൂപ് അറിയിച്ചു. കുട്ടികളുടെ നല്ല നാളേക്കായി പ്രവര്‍ത്തിക്കുമെന്നും അദാനി അറിയിച്ചു.


കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷവും നിസാരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.



Sharing is Caring