സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറിയിരിക്കുകയാണ് നടി രശ്മിക മന്ദാനയുടെ ‘ഡീപ്പ് ഫേക്ക്’ വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് ഇപ്പോൾ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. അടുത്തിടെ രശ്മികയുടെ ഒരു ‘ഡീപ്ഫേക്ക്’ വീഡിയോ വൈറലായി വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്‍ഫ്ല്യൂവെന്‍സറുടെ വീഡിയോയില്‍ രശ്മികയുടെ തല ചേര്‍ത്താണ് വീഡിയോ വൈറലായത്. ഇതിന് പിന്നാലെ ദില്ലി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു.

ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തിയത്. ബൂം ലൈവ് റിപ്പോർട്ട് അനുസരിച്ച്, മുമ്പ് @crazyashfan എന്നറിയപ്പെട്ടിരുന്ന ഒരു എക്സ് അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു. സമാനമായ നാല് അക്കൗണ്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.













