ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ വൻ പൊട്ടിത്തെറി. സിനിമാനടിയിൽ നിന്ന് ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് സിദ്ദിഖ് രാജിക്കത്ത് അയച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ ലൈംഗികാ അതിക്രമ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്തുവന്നിരുന്നു. ഇതിൽ ഒരു നടി മാധ്യമങ്ങളിലൂടെ നടൻ സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്കത്ത് ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടി ആരോപിച്ചത്. നേരത്തെ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു എങ്കിലും ആരും പരിഗണിച്ചില്ലെന്നും നടി പറഞ്ഞിരുന്നു. തനിക്ക് മാത്രമല്ല തന്റെ പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു.
അതേസമയം യുവനടിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തിൽ വിശദീകരണം പിന്നീട് നൽകാമെന്നും നിലവിൽ ഊട്ടിയിൽ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണെന്നും സിദ്ദിഖ് പറഞ്ഞു













