ന്നാ താന്‍ കേസ് കൊട് സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച്‌ നടന്‍ ജോയ് മാത്യു

ന്നാ താന്‍ കേസ് കൊട് സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച്‌ നടന്‍ ജോയ് മാത്യു.യാഥാര്‍ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

”വഴിയില്‍ കുഴിയുണ്ട് , മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് -ഈ യാഥാര്‍ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആള്‍രൂപങ്ങള്‍ക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കില്‍ “ന്നാ താന്‍ കേസ് കൊട് ”

തിരുത്ത് “വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത്.”-ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിനെ കൂടാതെ ബെന്യാമിന്‍, എഴുത്തുകാരി ശാരദക്കുട്ടി തുടങ്ങിയവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.”ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമ തിയറ്ററില്‍ തന്നെ കാണാനാണ് തീരുമാനം.”-ബെന്യാമിന്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ വാക്കുകള്‍: ‘അന്നദാതാവായ പൊന്നുതമ്ബുരാ’നൊപ്പം നടക്കാനിറങ്ങിയപ്പോള്‍ പോലും കുഞ്ചന്‍ നമ്ബ്യാര്‍ തന്റെ കവിധര്‍മ്മം മറന്നില്ല. കൊട്ടാര ഭക്ഷണത്താല്‍ കേടുവന്ന തന്റെ വയറിന്റെ ദുരവസ്ഥ രാജാവിനെ ബോധ്യപ്പെടുത്താനായി , വഴിയേ വയറിളക്കി നടന്നു പോകുന്ന പയ്യിനെ ചൂണ്ടി , ” പയ്യേ നിനക്കും പക്കത്താണോ ഊണ്” എന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്.

(കേട്ട കഥയില്‍ പക്ഷഭേദങ്ങളുണ്ടാകാം എന്നാലും ആശയം ഏറെക്കുറെ ഇതു തന്നെയാണ്.)

ബോധമുള്ളവനെങ്കില്‍ രാജാവിന് കവിയുടെ ഉദ്ദേശം മനസ്സിലായിരിക്കും. കാര്യം ബോധ്യപ്പെട്ടിരിക്കും. മെച്ചപ്പെട്ട ഊണ് കവിക്കും പശുവിനും തരപ്പെടുത്തിയിരിക്കും.

പരസ്യവും ഒരു കലയാണ്. വിമര്‍ശനോപാധിയാണ്. ഭരണകൂട വിമര്‍ശനം കൂടി കലയുടെ ലക്ഷ്യമാകണം. കല രാഷ്ട്രീയം കൂടിയാണ്. അതിന് ഐറണി ഒരു നല്ല ആയുധമാണ്. വിരുത്തങ്ങളിലെ പൊരുത്തം.

വഴിയില്‍ കുഴിയുണ്ടാകാം. അത് സിനിമാ കാണലിന് തടസ്സമാകരുത്. എത്ര നല്ല ആശയമാണത്. കുണ്ടും കുഴിയും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ താണ്ടിത്തന്നെ നിലനിര്‍ത്തിയ സിനിമയോടുള്ള അടങ്ങാത്ത പാഷനെ അതോര്‍മ്മിപ്പിച്ചു. കലാമര്‍മ്മം മനസ്സിലാകാത്തവര്‍ കൊണ്ട് കേസ് കൊട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *