കരുവന്നൂര്‍ സഹകരണ ബാങ്കിനു കീഴിലെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തിരിമറി നടന്നതായി രേഖകൾ പുറത്ത്

തൃശ്ശൂർ : സി.പി.എം നിയന്ത്രണത്തിലുള്ള തൃശ്ശൂർ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പു നടന്നന്നെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.

ബാങ്കിൽ നൂറുകോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് കൂടുതൽ തിരിമറികൾ പുറത്തുവന്നിരിക്കുന്നത്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം ഒന്നരക്കോടിരൂപയിലധികം കുറവുണ്ടെന്ന് കണ്ടെത്തി. ബാങ്കിലെ കുറി നടത്തിപ്പിൽ മാത്രം അൻപത് കോടി രൂപയുടെ തിരിമറി നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു.

സി.പി.എം. നിയന്ത്രണത്തിലുള്ള തൃശ്ശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നതായി കഴിഞ്ഞദിവസം വാർത്ത പുറത്തുവന്നിരുന്നു. 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിൽ മുൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

നിക്ഷേപകർക്ക് ആഴ്ചയിൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരിൽ എടുത്ത 22.85 കോടി രൂപ മുഴുവൻ കിരൺ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിൽ ക്രമക്കേടുകൾ തെളിഞ്ഞിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *