നെടുമ്പാശേരിയിലെ അപകടമരണം ദൗര്‍ഭാഗ്യകരം; ‘കരാറുകാരെ ഭയക്കുന്നു’, ദേശീയപാത അതോറിറ്റിക്കെതിരെ മുഹമ്മദ് റിയാസ്

നെടുമ്പാശ്ശേരി ദേശീയപാതയിലെ അപകടമരണം ദൗര്‍ഭാഗ്യകരമെന്ന് പൊതുമരാമത്ത് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. ദേശീയപാത അതോറിറ്റി കരാറുകാരെ ഭയക്കുന്നു. ഏതു വകുപ്പിന്റെ റോഡായാലും ഏത് സര്‍ക്കാരിന്റെ റോഡായാലും അപകടമുണ്ടാവാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ സാധിക്കില്ല. എന്നാല്‍ വിഷയത്തെ ഗൗരവത്തോടെ കാണുന്നു. റോഡ് പരിപാലനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. കേരളത്തിലെ കേന്ദ്രമന്ത്രി അതിനായി മുന്‍കൈ എടുക്കണമെന്നും മൂഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ഒരോ വകുപ്പിന്റെ കീഴിലും വരുന്ന റോഡുകള്‍ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പു വരുത്തേണ്ടത് ആ വകുപ്പ് തന്നെയാണ്. പൊതുമരാമത്ത് വകുപ്പ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകള്‍ സഹിതം പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് വച്ചപ്പോള്‍ വലിയ മാറ്റമാണ് ആ റോഡുകളില്‍ ഉണ്ടായത്. ദേശീയപാതാ അതോറിറ്റിക്ക് എന്തു കൊണ്ട് ഇത്തരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നെടുമ്പാശ്ശേരി ദേശീയപാതയില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഹാഷിമാണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീണ ഹാഷിമിനുമേല്‍ ഒരു ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *