തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് 85 ലക്ഷംരൂപ യുവതി തട്ടിയെടുത്തു


കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി. കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് 40 ലേറെ പേര്‍ പരാതിയുമായി രംഗത്ത് വന്നത്. ചേരാനെല്ലൂര്‍ പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നതായും പരാതിക്കാര്‍ ആരോപിച്ചു.


എറണാകുളം ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വീട്ടമ്മമാരടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിതോടെയാണ് രമ്യ ഷിയാസിന്റെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശത്ത് വന്‍ സാന്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയ്‌ക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവര്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.


പരാതിക്കാര്‍ കൂട്ടതോടെ സ്റ്റേഷനിലെത്തിയതോടെ ഒടുവില്‍ പൊലീസിന് മൊഴി എടുക്കേണ്ടിവന്നു. കോയമ്പത്തൂരിലുള്ള തന്റെ തുണിക്കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം തിരിച്ച് നല്‍കാമെന്ന് ധരിപ്പിച്ചാണ് തമ്മനം സ്വദേശിയായ രമ്യ ഷിയാസ് നാട്ടുകാരില്‍ നിന്ന് പണം തട്ടിയെടുത്തതെന്നാണ് പരാതി.രമ്യയുടെ വാക്ക് വിശ്വസിച്ച് പണം നിക്ഷേപിച്ചവര്‍ പലരും തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കൂലിപ്പണിക്കാരുമാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റും, കുടുംബശ്രീ ലോണ്‍ എടുത്തുമാണ് പലരും രമ്യയ്ക്ക് പണം നല്‍കിയത്. ആദ്യ മാസങ്ങളില്‍ ചിലര്‍ക്ക് നേരിയ ലാഭവും നല്‍കി.

ഇതോടെ വിശ്വാസം കൂടുകയും തട്ടിപ്പ് വളരുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസമായി പണം നല്‍കിയ നിക്ഷേപകര്‍ക്ക് രമ്യ വാഗ്ദാനം ചെയ്ത പണം ഒന്നും ലഭിക്കുന്നില്ല. ഇതോടെയാണ് ഇവര്‍ തട്ടിപ്പ് തിരിച്ചറിയുന്നത്. തട്ടിപ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയവഴി പ്രചാരണം നടത്തിയ പ്രവീണ്‍ എന്നയാളെ രമ്യയും ഭര്‍ത്താവും വീട് കയറി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അതേസമയം പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ രമ്യ ഷിയാസ് തയ്യാറായിട്ടില്ല.



Sharing is Caring