തൃശൂര്‍: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തില്‍ പെരുമ്പിലാവില്‍ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിനു മുമ്പില്‍ കോഴിക്കട നടത്തുന്ന സാബിറിനാണ് കുത്തേറ്റത്. പെരുമ്പിലാവ് ആല്‍ത്തറ സ്വദേശിയായ റഫീക്കാണ് യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംഭവം. പെരുമ്പിലാവ് ആല്‍ത്തറ ആലുംത്തൈ പരിസരത്ത് വച്ചാണ് യുവാവിനെ ക്രൂരമായി കുത്തി പരുക്കേല്‍പ്പിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടയില്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിരവധിതവണ ശരീരത്തില്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സാബിറിനെ നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ കുന്നംകുളം പോലീസ് പ്രതിയെ പിടികൂടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു.














