
ഡ്രൈ ഡേ ദിനത്തിലെ വില്പനയ്‌ക്കായി എത്തിച്ച 100 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ശംഖുംമുഖത്താണ് സംഭവം. വെട്ടുകാട് ബാലനഗർ സ്വദേശി സൂര്യയെന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. എല്ലാം ഡ്രൈ ഡേ ദിനങ്ങളിലും തിരുവനന്തപുരം നഗരത്തിലൂടെ സ്കൂട്ടറിൽ കറങ്ങിനടന്നാണ് ശ്രീജിത്ത് മദ്യം വിറ്റിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അനവധി തവണ എക്സൈസിന് പരാതികൾ ലഭിച്ചിരുന്നു. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കൃത്യമായി പ്ലാൻ ഒരുക്കിയ എക്സെസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ഇയാളുടെ സ്കൂട്ടറിൽ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിൽ 7 ലിറ്റർ പോണ്ടിച്ചേരി മദ്യവും ഉൾപ്പെടും.

മദ്യം വിറ്റ 5000 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസറായ ഷിബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.
