ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറന്നു. അണ്ഡം, ഭ്രൂണം, ബീജം എന്നിവ ശീതീകരിച്ചതിനു ശേഷം പിന്നീട് ഗര്‍ഭധാരണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ ചികിത്സാ രീതിയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാന്‍സ്മാന്‍ വ്യക്തിക്കും പങ്കാളിക്കും കുഞ്ഞ് ജനിച്ചത്.ഇത്തരത്തിലുള്ള വ്യക്തിക്ക് സ്വന്തം രക്തത്തിലുള്ള കുഞ്ഞ് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പിറക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ റിനൈ മെഡിസിറ്റിയിലെ ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. ജിഷ വര്‍ഗീസ് പറഞ്ഞു.
റിനൈ മെഡിസിറ്റി അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് നേട്ടം കൈവരിച്ചത്.2021-ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷനു വേണ്ടി ഇവര്‍ റിനൈ മെഡിസിറ്റിയെ സമീപിക്കുന്നത്. തുടര്‍ന്ന് അണ്ഡം ഐ.വി.എഫ്. ചികിത്സയ്ക്ക് സമാനമായ രീതിയില്‍ എടുത്ത് അവ ഭ്രൂണമായി ശീതീകരിച്ച് വെക്കുകയായിരുന്നു. ലിംഗമാറ്റത്തിനുള്ള ഹോര്‍മോണ്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ശേഷം പങ്കാളിയുടെ ഗര്‍ഭപാത്രത്തില്‍ ഈ ഭ്രൂണം നിക്ഷേപിച്ചു. ഭ്രൂണനിക്ഷേപം ആദ്യതവണ തന്നെ വിജയമാകുകയും 2023 ഡിസംബറില്‍ 2.8 കി.ഗ്രാം ഭാരമുള്ള പൂര്‍ണ ആരോഗ്യവാനായ ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു