പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് അധ്യാപകൻ മരിച്ചു. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിലെ അസി. പ്രൊഫസർ കോഴിക്കോട് കൊടുവള്ളി കുവാമ്പോഴിൽ പൊൻപറയ്ക്കലിൽ മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15-ന് പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടം.മറ്റ് അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിർ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു.
മുങ്ങിത്താഴ്ന്ന ഷാനിറിനെ ലൈഫ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചു. തുടർന്ന്, അദ്ദേഹത്തെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഘം വർക്കലയിലെത്തിയത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ അസി.പ്രൊഫസറായിരുന്നു മുഹമ്മദ് ഷാനിർ. മൃതദേഹം നിലവിൽ വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: റസാന. മക്കൾ: മുഹമ്മദ് ഹംദാൻ, അയ്ദിൻ മുഹമ്മദ്, ഫാത്തിമ റിഥ.