രാജസ്ഥാനിൽ ഓടുന്ന ബസിൽ വച്ച് 13 കാരിയെ ബന്ധു പീഡിപ്പിച്ചതായി പരാതി. അകന്ന ബന്ധുവായ 21 കാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബസിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിൻ്റെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം.
മധ്യപ്രദേശ് സ്വദേശികളായ പെൺകുട്ടിയുടെ കുടുംബം ജയ്പൂരിലെ കർണി വിഹാർ ഏരിയയിലാണ് താമസിച്ചിരുന്നത്. അകന്ന ബന്ധുകൂടിയായ 21 കാരൻ പ്രതി ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരുമായിരുന്നു. സംഭവം നടന്ന ദിവസം, പ്രതി പെൺകുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സഹോദരൻ വിളിക്കുന്നുവെന്ന് കള്ളം പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഇയാൾ കുട്ടിയുമായി ഓട്ടോയിൽ കയറി ബസ് സ്റ്റാൻഡിൽ എത്തി. സ്റ്റാൻഡിൽ വച്ച് തന്നോടൊപ്പം മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് വരണമെന്ന് പ്രതി കുട്ടിയോട് ആവശ്യപ്പെട്ടു. ഒപ്പം വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ സ്ലീപ്പർ ബസിൽ കയറ്റി.
മധ്യപ്രദേശിലേക്കുള്ള യാത്രാമധ്യേ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പിന്നീട് സ്വന്തം നാട്ടിലെത്തിയ പ്രതി പെൺകുട്ടിയെ തൻ്റെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു. അടുത്ത ദിവസം വൈകുന്നേരത്തോടെ ഗ്രാമത്തിലെ മറ്റ് ബന്ധുക്കളുടെ സഹായത്തോടെ കുട്ടി ജയ്പൂരിലെത്തി. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നടന്ന സംഭവം മാതാപിതാക്കളോട് വിവരിച്ചു. പിന്നാലെ ഇവർ കർണി വിഹാർ പൊലീസിൽ പരാതി നൽകി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.